മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന ഭയത്തെ എങ്ങനെ മറികടക്കാം?
നമ്മള്‍ നമ്മളെക്കുറിച്ച് എത്രത്തോളം കുറച്ചു ചിന്തിക്കുന്നുവോ, അത്രത്തോളം കൂടുതല്‍ നമ്മള്‍ നമ്മളായിത്തീരും. മറ്റുള്ളവര്‍ എന്നെക്കുറിച്ച് എന്ത് ചിന്തിക്കുമെന്ന ഭയം എന്നെ അലട്ടാറുണ്ടോ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നെക്കുറിച്ച് മാത്രമുള്ള ചിന്തകളില്‍ നിന്ന് എന്റെ മനസ്സിനെ തിരിച്ചുവിടാന്‍ എന്തുചെയ്യാന്‍ സാധിക്കും എന്ന് വിശകലനം ചെയ്യാം.
1. മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പ്
മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്ന ഭയം മറികടക്കാന്‍ മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പ് വലിയ രീതിയില്‍ സഹായിക്കും. അമിത ചിന്തയുള്ള ഒരു വ്യക്തിക്ക് തന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് കൃത്യമായി അറിയുകയും അതിനായി വേണ്ടത്ര തയ്യാറെടുക്കാന്‍ കഴിയുകയും ചെയ്യുമ്പോള്‍, അത് അയാള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു. നമ്മള്‍ ആ കാര്യത്തെ കുറിച്ച് അമിതമായി ചിന്തിക്കുകയോ വലിയ ദുരന്തങ്ങള്‍ സംഭവിക്കുമെന്ന് വിചാരിച്ച് ഭ്രാന്ത് പിടിക്കുകയോ ചെയ്യേണ്ടതില്ല. പകരം, ശ്രദ്ധ മുഴുവന്‍ നമ്മളില്‍ നിന്ന് മാറി ചെയ്യേണ്ട ജോലിയിലേക്ക് തിരിയുകയാണ് വേണ്ടത്.
2. ശ്രദ്ധ മാറ്റുക
അമിത ചിന്തയുള്ള ആളുകള്‍ അവരുടെ ശ്രദ്ധ തങ്ങളില്‍ നിന്ന് മാറ്റി മറ്റുള്ളവരിലേക്കും പൊതുവായ കാര്യങ്ങളിലേക്കും തിരിക്കാന്‍ ശ്രമിക്കണമെന്ന് മനഃശാസ്ത്രജ്ഞര്‍ ശുപാര്‍ശ ചെയ്യുന്നു. ഉദാഹരണത്തിന്, ഒരു സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍ അടുത്തതായി എന്ത് പറയണം എന്ന് മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിന് പകരം, മറ്റേ വ്യക്തി പറയുന്നത് ശ്രദ്ധിക്കാനും അവരുടെ ചിന്തകളോട് പ്രതികരിക്കാനും ശ്രദ്ധിക്കുക. പ്രാര്‍ഥനയില്‍, വാക്കുകള്‍ എത്രത്തോളം മനോഹരമാണെന്ന് ചിന്തിക്കുന്നതിന് പകരം ആര്‍ക്കുവേണ്ടിയാണോ പ്രാര്‍ഥിക്കുന്നത് ആ ആളുകളെക്കുറിച്ച് ചിന്തിക്കുക.
അത് ഒരു പൊതു പ്രാര്‍ഥനയാണെങ്കില്‍, ഒപ്പം പ്രാര്‍ഥിക്കുന്ന മറ്റുള്ളവരിലേക്ക് ശ്രദ്ധ തിരിക്കുകയും സമൂഹത്തിന്റെ കൂട്ടായ്മയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. അമിത ചിന്തയുള്ള ആളുകള്‍ വരുത്തുന്ന വലിയൊരു തെറ്റ്, എല്ലാം നമ്മളെക്കുറിച്ചാണെന്ന് കരുതുന്നതാണ്. ഈ അര്‍ഥത്തില്‍, ഈ അമിത ചിന്ത (ലെഹളരീിരെശീൗിലെ)ൈ ഒരുതരം അഹങ്കാരമാണ്. നമ്മളെക്കുറിച്ച് മറക്കാനും മറ്റുള്ളവര്‍ക്ക് ശ്രദ്ധ നല്‍കാനും പഠിക്കുന്നത് ഈ തെറ്റിനെ മാത്രമല്ല, അതിന്റെ ഫലമായുണ്ടാകുന്ന അമിത ചിന്തയെയും സുഖപ്പെടുത്താന്‍ തുടങ്ങും.
3. അഭിപ്രായങ്ങള്‍ ചോദിച്ചറിയുക
മറ്റുള്ളവര്‍ക്ക് നമ്മെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ചോദിച്ചറിയുക. നമ്മള്‍ ഭയപ്പെടേണ്ടതില്ല. എല്ലാവരും നമ്മളെ വിധിക്കാന്‍ നോക്കുകയാണെന്ന് കരുതി ഒറ്റപ്പെട്ട വ്യക്തികളായി ജീവിക്കേണ്ടതില്ല. നാണക്കേടില്‍ നിന്നും പരിഹാസത്തില്‍ നിന്നും സ്വയം പ്രതിരോധിക്കാന്‍ എപ്പോഴും ശ്രമിക്കേണ്ടതില്ല. അതെ, തെറ്റുകള്‍ സംഭവിക്കാം, പക്ഷേ നമ്മള്‍ എല്ലാവരും ഒപ്പമുള്ളവരാണ്. ഏറ്റവും പ്രധാനം, ദൈവം നമ്മുടെ പക്ഷത്തുണ്ട്. നമ്മള്‍ ഒരിക്കലും ഒറ്റയ്ക്കല്ല, മറിച്ച് അവിടുത്തെയും പരസ്പരവും ബന്ധപ്പെട്ടിരിക്കുന്നു. നമ്മള്‍ ഇവിടെയുള്ളത് നല്‍കാനും സ്‌നേഹിക്കാനും സൃഷ്ടിക്കാനുമാണ്. ദൈവം നമ്മളില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് കൃത്യമായി പറഞ്ഞുതരുന്നു അവിടുന്ന് നമ്മെ എപ്പോഴും സ്‌നേഹിക്കുകയും ക്ഷമിക്കുകയും ചെയ്യും.
മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്ന ചിന്ത അഹങ്കാരത്തിന്റെ ഒരു കെണിയാണ്. അങ്ങനെയുള്ളവര്‍ നമ്മില്‍ നിന്ന് ശ്രദ്ധ മാറ്റി മറ്റുള്ളവരിലേക്ക് തിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദൈവത്തിന് എല്ലാം വിട്ടുകൊടുക്കുക. അവിടുത്തെ സ്‌നേഹിക്കുക. എനിക്ക് ചുറ്റുമുള്ള ആളുകളെ സ്‌നേഹിക്കുക.