ജീവിതലക്ഷ്യം കണ്ടെത്താന്‍ കൗമാരക്കാരെ എങ്ങനെ സഹായിക്കാം?
ഭാവിയെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങളും സമ്മര്‍ദങ്ങളും നിറഞ്ഞതാണ് കൗമാരക്കാലം. ഈ ഘട്ടത്തില്‍ ജീവിതലക്ഷ്യം കണ്ടെത്താന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നത് അവരില്‍ കൂടുതല്‍ മാനസിക സമ്മര്‍ദമേ ഉണ്ടാക്കൂ. ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നത് ഒരു പെട്ടെന്നുള്ള പ്രക്രിയയല്ല, മറിച്ച് അതൊരു നീണ്ട യാത്രയാണ്. അതിനാല്‍, ചെറുപ്പത്തിലേ ലക്ഷ്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം, കുട്ടികളുടെ താല്‍പര്യങ്ങളും കഴിവുകളും തിരിച്ചറിയാനും പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനും അവരെ പ്രോത്സാഹിപ്പിക്കുകയാണ് മാതാപിതാക്കളും മുതിര്‍ന്നവരും ചെയ്യേണ്ടത്.
1. തങ്ങളുടെ മൂല്യം തിരിച്ചറിയാന്‍ സഹായിക്കുക
കൗമാരക്കാര്‍ക്ക് തങ്ങള്‍ മറ്റുള്ളവര്‍ക്ക് വിലപ്പെട്ടവരാണെന്ന് ബോധ്യപ്പെടുത്തുക. അവരുടെ നല്ല പ്രവൃത്തികളെ അഭിനന്ദിക്കുകയും കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. തങ്ങളുടെ സാന്നിധ്യം മറ്റുള്ളവരുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കുന്നുവെന്ന് തിരിച്ചറിയുമ്പോള്‍, ആത്മവിശ്വാസത്തോടെ ജീവിതലക്ഷ്യം കണ്ടെത്താന്‍ അവര്‍ക്ക് കഴിയും.
2. കഴിവുകളും താല്‍പര്യങ്ങളും തിരിച്ചറിയാന്‍ സഹായിക്കുക
ഓരോ കുട്ടിക്കും വ്യത്യസ്തമായ കഴിവുകളും താല്‍പര്യങ്ങളുമുണ്ടാകും. അവര്‍ സന്തോഷത്തോടെ ചെയ്യുന്ന കാര്യങ്ങളും പഠിക്കാന്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്ന മേഖലകളും ശ്രദ്ധിക്കുക. അവരുടെ കഴിവുകളെയും താല്‍പര്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത് ഭാവിയിലെ പഠനത്തിനും ജോലിക്കും ജീവിതലക്ഷ്യം കണ്ടെത്താനും വഴികാട്ടിയാകും.
3. തുറന്ന സംഭാഷണങ്ങള്‍ക്ക് അവസരം നല്‍കുക
''വലുതാകുമ്പോള്‍ എന്താകണം?'' എന്നതിനുപകരം, അവരുടെ ഇഷ്ടങ്ങളും കഴിവുകളും അനുഭവങ്ങളും സംബന്ധിച്ച ചെറിയ ചോദ്യങ്ങള്‍ ചോദിക്കുക. ഇത്തരം സംഭാഷണങ്ങള്‍ സ്വന്തം കഴിവുകളും താല്‍പര്യങ്ങളും തിരിച്ചറിയാന്‍ അവരെ സഹായിക്കും. കുട്ടികള്‍ക്ക് സ്വന്തം കഴിവുകള്‍ മനസ്സിലാക്കാന്‍ കഴിയാതെ വരുമ്പോള്‍, അവ തിരിച്ചറിയാന്‍ മാതാപിതാക്കള്‍ പിന്തുണ നല്‍കുകയും വേണം.
4. സ്വന്തം ജീവിതത്തിലൂടെ മാതൃകയാകുക
മാതാപിതാക്കളുടെ ജീവിതവും അനുഭവങ്ങളും കുട്ടികള്‍ക്ക് വലിയൊരു പാഠമാണ്. ജീവിതത്തിലെ സന്തോഷങ്ങളും വെല്ലുവിളികളും പരാജയങ്ങളില്‍നിന്ന് ലഭിച്ച പാഠങ്ങളും അവരുമായി പങ്കുവയ്ക്കുക. ജീവിതത്തില്‍ ആവശ്യമായപ്പോള്‍ പുതിയ വഴികള്‍ തിരഞ്ഞെടുക്കാനും തീരുമാനങ്ങള്‍ മാറ്റാനും കഴിയുമെന്ന് അവരെ മനസ്സിലാക്കിക്കുക.
5. പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ അവസരം നല്‍കുക
കൗമാരക്കാര്‍ക്ക് പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ അവസരം നല്‍കുക. സ്‌കൂളിലെ ക്ലബ്ബുകളിലും വിവിധ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കാം. പുതിയ ഹോബികള്‍ പരീക്ഷിക്കാനും സുഹൃത്തുക്കളോടൊപ്പം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും അവസരം നല്‍കാം.
പുതിയ അനുഭവങ്ങളിലൂടെ അവര്‍ക്ക് സ്വന്തം കഴിവുകളും താല്‍പര്യങ്ങളും കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ കഴിയും. ഓരോ പുതിയ അനുഭവവും ഭാവിയില്‍ അവര്‍ തിരഞ്ഞെടുക്കുന്ന വഴിക്ക് സഹായകമായേക്കാം.
6. സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുക
മറ്റുള്ളവരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കൗമാരക്കാരെ പങ്കെടുപ്പിക്കുക. അര്‍ഹരായവരെ സഹായിക്കുക, സമൂഹത്തിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയവ അവരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കും.
മറ്റുള്ളവരുടെ ജീവിതത്തില്‍ തങ്ങള്‍ക്ക് ഒരു ചെറിയ മാറ്റമെങ്കിലും ഉണ്ടാക്കാന്‍ കഴിയുമെന്ന് അവര്‍ തിരിച്ചറിയുമ്പോള്‍, അവരുടെ ആത്മവിശ്വാസവും ഉത്തരവാദിത്വബോധവും വളരും. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ സ്വന്തം മൂല്യങ്ങളും വിശ്വാസങ്ങളും തിരിച്ചറിയാനും അവര്‍ക്ക് കഴിയും.
7. ക്ഷമയോടെ കാത്തിരിക്കുക
കൗമാരക്കാര്‍ക്ക് അവരുടെ ജീവിതലക്ഷ്യം കണ്ടെത്താന്‍ സമയമെടുക്കും. എല്ലാവരുടെയും വളര്‍ച്ച ഒരേ വേഗത്തിലാകണമെന്നില്ല. അതുകൊണ്ട് ഭാവിയെക്കുറിച്ചുള്ള പെട്ടെന്നുള്ള തീരുമാനങ്ങള്‍ക്കായി അവരെ നിര്‍ബന്ധിക്കരുത്. ഈ പ്രായത്തില്‍ ആശയക്കുഴപ്പങ്ങളും തീരുമാനങ്ങളിലെ മാറ്റങ്ങളും സ്വാഭാവികമാണ്. സ്വന്തം വേഗത്തില്‍ മുന്നോട്ട് പോകാന്‍ കുട്ടികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിനൊപ്പം, അവരുടെ ഏത് തീരുമാനത്തിലും തങ്ങള്‍ ഒപ്പമുണ്ടാകുമെന്ന ഉറപ്പാണ് മാതാപിതാക്കള്‍ നല്‍കേണ്ടത്.
കൗമാരക്കാരുടെ ജീവിതലക്ഷ്യം മാതാപിതാക്കള്‍ക്ക് നിശ്ചയിക്കാനാവില്ലെങ്കിലും, അത് കണ്ടെത്താനുള്ള യാത്രയില്‍ അവര്‍ക്ക് നല്ലൊരു വഴികാട്ടിയാകാം. ലക്ഷ്യങ്ങള്‍ രൂപപ്പെടുന്നത് അനുഭവങ്ങളിലൂടെ പതുക്കെയായതുകൊണ്ട്, കുട്ടികള്‍ക്ക് ആവശ്യമായ സമയവും സ്വാതന്ത്ര്യവും നല്‍കണം. അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചും, തുറന്ന സംഭാഷണങ്ങളിലൂടെ പിന്തുണച്ചും സ്വന്തം വഴിയിലൂടെ മുന്നേറാനുള്ള ആത്മവിശ്വാസം പകര്‍ന്നു നല്‍കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്.