ഈശോ ഒറ്റയ്ക്കിരുന്ന് പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനകള്‍ എങ്ങനെയാണ് വിശുദ്ധ ബൈബിളില്‍ എഴുതിയിരിക്കുന്നത്?

ശ്രദ്ധയോടെ വിശകലനം ചെയ്യേണ്ട ഒരു ചോദ്യമാണിത്. ഇവിടെയും ഓര്‍ത്തിരിക്കേണ്ട പ്രധാനകാര്യം ബൈബിളിന്റെ ദൈവനിവേശിത സ്വഭാവമാണ്. സുവിശേഷകര്‍ക്ക് രചനയ്ക്കുള്ള കാര്യങ്ങള്‍ ലഭിച്ചത് അവരുടെ സമൂഹത്തില്‍ നിന്നും അപ്പസ്‌തോലന്മാരടങ്ങുന്ന ആദിമ പ്രഘോഷകരില്‍ നിന്നുമാണ്. ഈ പ്രഭാഷകരില്‍ ചിലര്‍ ഈശോയുടെ സഹചാരികളായിരുന്നു.
അപ്പസ്‌തോലന്മാരുടെ പ്രത്യക്ഷസാക്ഷ്യവുമായി സുവിശേഷത്തിലെ വിവരണങ്ങള്‍ക്ക് ഗാഢ ബന്ധമുണ്ടായിരുന്നുവെന്ന് പൊതുവെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്.
അതിനാല്‍ ഈശോയുടെ സ്വകാര്യ പ്രാര്‍ത്ഥനകളും അപ്പസ്‌തോലിക പ്രഘോഷണത്തിന്റെയും ദൈവ നിവേശിത സ്വഭാവത്തിന്റെയും അടിസ്ഥാനത്തില്‍ മനസ്സിലാക്കുകയാണ് ഉചിതം.
ഈശോയുടെ സ്വകാര്യ പ്രാര്‍ത്ഥനകളുടെ ശബ്ദരേഖയില്‍ നിന്നോ അപ്പസ്‌തോലന്മാരുടെ കുറിപ്പുകളില്‍ നിന്നോ അല്ല അവ രേഖപെടുത്തിയിരിക്കുന്നത്.
സുവിശേഷകന്മാര്‍ ഈശോയുടെ വാക്കുകളും പ്രവൃത്തികളും രേഖപ്പടുത്തിയത് വേറൊരു ക്രമത്തിലാണെങ്കിലും, അക്ഷരാര്‍ത്ഥത്തിലല്ലെങ്കിലും, അതൊന്നും അവയുടെ സത്യത്തെ ബാധിക്കുന്നില്ല.
കാരണം ഈശോയുടെ വാക്കുകളും ജീവിതവും രേഖപ്പെടുത്തിട്ടുള്ളത് അവ അതേപടി ഓര്‍ത്തിരിക്കാന്‍ വേണ്ടി മാത്രമായിരിന്നില്ല. പിന്നെയോ, സഭയുടെ വിശ്വാസത്തിന്റെയും ധാര്‍മ്മിക ജീവിതത്തിന്റെയും അടിസ്ഥാനമായിരിക്കാന്‍ വേണ്ടിയത്രേ അവ പ്രഘോഷിക്കപ്പെട്ടത്.
ചുരുക്കത്തില്‍ ഈശോയുടെ പരസ്യശുശ്രൂഷയില്‍ നിന്ന് രൂപപ്പെടുന്ന വചനപ്രഘോഷണത്തിന്റെ ലക്ഷ്യം ജീവചരിത്ര രചനയോ പദാനുപദമായ ആലേഖനമോ ആയിരുന്നില്ല.
മറിച്ച് പരിശുദ്ധാത്മാവിനാല്‍ പ്രേരിതമായി ശ്രോതാക്കളുടെ ജീവിത സാഹചര്യങ്ങള്‍ക്കിണങ്ങും വിധം അവതരിക്കപ്പെടുകയും എഴുതപ്പെടുകയും ചെയ്ത വിവരങ്ങളാണവ.
ഈശോയുടെ സ്വകാര്യപ്രാര്‍ത്ഥനകളും പരിശുദ്ധാത്മാവ് പ്രചോദിപ്പിച്ചതും ദൈവം നമുക്കു നല്‍കിയിട്ടുള്ളതുമാണ്.
ലിഖിതരൂപങ്ങള്‍ക്കപ്പുറം പോയി അവയെ പുനരാവിഷ്‌കരിക്കുക സാധ്യമല്ല. ദൈവത്തിന്റെ പരിപാലനയില്‍ ഈശോയുടെ വാക്കുകളുടെയും ചെയ്തികളുടെയും പദാനുപദവിവരണത്തിനു പകരം പരിശുദ്ധാത്മാവ് പരിണാമ വിധേയമായ പാരമ്പര്യങ്ങളുടെ സത്തെടുത്ത് വിശുദ്ധ ഗ്രന്ഥത്തില്‍ നല്‍കിയിരിക്കുകയാണ്.
മാത്രമല്ല യേശു ഒറ്റയ്ക്കിരുന്നു പ്രാര്‍ത്ഥിച്ചു എന്ന് വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്ന കാര്യം ഒരു സംക്ഷിപ്ത വിവരണ രൂപമാണ് യേശു ഒറ്റയ്ക്കിരുന്നു പ്രാര്‍ത്ഥിച്ചു; അതിപ്രകാരമായിരുന്നു എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.
കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍