ഭവനനിര്‍മ്മാണം, വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, ഡയാലിസിസ്; മാര്‍ ആനിക്കുഴികാട്ടിലിന്റെ ചരമവാര്‍ഷിക ദിനത്തില്‍ സാമൂഹ്യക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് ഇടുക്കി രൂപത
ഇടുക്കി: ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ മാത്യു ആനിക്കുഴികാട്ടിലിന്റെ ആറാം ചരമവാര്‍ഷിക ദിനത്തില്‍ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് തുടക്കംകുറിച്ച് ഇടുക്കി രൂപത. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും കബറിടത്തിലെ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്കും ശേഷം രൂപതാ കേന്ദ്രത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പദ്ധതികളുടെ പ്രഖ്യാപനം നടത്തി.
ഇടുക്കി രൂപത സ്ഥാപിതമായിട്ട് 2028 ല്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകും. ഭവനരഹിതരായ ആളുകള്‍ക്ക് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭവന നിര്‍മ്മാണത്തിന് വേണ്ട സഹായം നല്‍കുകയാണ് ലക്ഷ്യം. രൂപതയിലെ ഇടവകകള്‍ സന്യാസ ഭവനങ്ങള്‍ ഭക്തസംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ധനശേഖരണം നടത്തി ഭവനങ്ങള്‍ നിര്‍മ്മിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മാര്‍ മാത്യു ആനിക്കുഴികാട്ടിലിന്റെ സ്മരണാര്‍ത്ഥം നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ആദ്യ സഹായനിധി വിന്‍സെന്റ് ഡി പോള്‍ ഇടുക്കി രൂപതാ പ്രസിഡന്റ് സണ്ണി കടുകുംമാക്കലിന് മാര്‍ ജോണ്‍ നെല്ലിക്കു ന്നേല്‍ കൈമാറി.
ഡയാലിസിസിന് വിധേയരാകുന്ന രോഗികളെ സഹായിക്കുകയാണ് രണ്ടാമത്തെ പദ്ധതി. ഉദാരമതികളുടെ സഹകരണത്തോടെ രൂപതയുടെ സാമൂഹിക ക്ഷേമ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഡയാലിസിസ് രോഗികള്‍ക്ക് സഹായം നല്‍കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
പഠനത്തില്‍ മികവുപുലര്‍ത്തുകയും സാമ്പത്തി കമായി പിന്നോക്കം നല്‍കുകയും ചെയ്യുന്ന ഭവനങ്ങളിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാ സത്തിനുള്ള സാമ്പത്തിക സഹായം നല്‍കുകയാണ് മൂന്നാമത്തെ പദ്ധതി. ടീച്ചേഴ്‌സ് ഗില്‍ഡിന്റെ സഹകര ണത്തോടെ രൂപതാ വിദ്യാഭ്യാസ ഏജന്‍സിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
മലയോര മണ്ണിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു മാര്‍ മാത്യു ആനിക്കുഴികാട്ടിലിന്റേതെന്ന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അനുസ്മരിച്ചു. 2020 മെയ് 01 നാണ് മാര്‍ ആനിക്കുഴികാട്ടില്‍ അന്തരിച്ചത്.