സംസ്ഥാനത്ത് ഇന്ന് മുതല്‍ ഭവന സെന്‍സസ്; 33 ചോദ്യങ്ങളുമായി വീടുകളിലെത്തി വിവരശേഖരിക്കും; ഓണ്‍ലൈനായി നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിക്കും

 
2333

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ സെന്‍സസിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നു. ഈ മാസം 30 വരെ നീളുന്ന ആദ്യഘട്ടമായ ഭവന സെന്‍സസിലൂടെ വീടുകളുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്നതിനൊപ്പം ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരശേഖരണവും നടത്തും. ഓണ്‍ലൈന്‍ സ്വയം വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സമയപരിധി ഇന്നലെയോടെ അവസാനിച്ചു. ഇനി മുതല്‍ എന്യൂമറേറ്റര്‍മാര്‍ നേരിട്ട് വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കും.

ആകെ 33 ചോദ്യങ്ങളിലൂടെയാണ് വിവരശേഖരണം. വീടുകളുടെ അവസ്ഥ, കുടിവെള്ളം, വൈദ്യുതി, ശുചിത്വ സൗകര്യങ്ങള്‍, കുടുംബത്തിന്റെ അടിസ്ഥാന ആസ്തികള്‍ തുടങ്ങിയ വിവരങ്ങളാണ് രേഖപ്പെടുത്തുക. സംസ്ഥാനത്തുടനീളം സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി 61,282 എന്യൂമറേറ്റര്‍മാരെയും 10,189 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഓണ്‍ലൈനായി നല്‍കിയ വിവരങ്ങള്‍ വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സ്ഥിരീകരിക്കുകയും ചെയ്യും.

അതേസമയം, സെന്‍സസ് ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ട അധ്യാപകരുടെ ആശങ്ക പരിഹരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക നിര്‍ദേശം പുറത്തിറക്കി. വീടുകള്‍ സന്ദര്‍ശിച്ചുള്ള വിവരശേഖരണം പ്രധാനമായും ശനിയാഴ്ചയും ഞായറാഴ്ചയും നടത്തണമെന്നാണ് നിര്‍ദേശം. ജൂലൈയിലെ എട്ട് അവധി ദിവസങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കുട്ടികളുടെ പഠനം തടസപ്പെടാതിരിക്കാനാണ് ഈ ക്രമീകരണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

സെന്‍സസ് ജോലിക്കായി വിനിയോഗിക്കുന്ന അവധി ദിവസങ്ങള്‍ക്ക് പകരമായി ഒക്ടോബര്‍ 31-നകം പ്രഥമാധ്യാപകന്റെ മുന്‍കൂര്‍ അനുമതിയോടെ മറ്റൊരു പ്രവൃത്തിദിനത്തില്‍ അവധി എടുക്കാനും അധ്യാപകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ഏകദേശം 60,000 അധ്യാപകരാണ് സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. ദേശീയ സെന്‍സസിന്റെ രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Tags

Share this story

From Around the Web