ജപ്തി നടപടിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവം; ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം കൊടുത്തിരുന്നുവെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക്
കോഴിക്കോട്: പേരാമ്പ്രയില്‍ ജപ്തി നടപടിക്കിടെ സ്ത്രീ ജീവനൊടുക്കിയ തില്‍ വിശദീകരണവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചാണ് ജപ്തിയിലേക്ക് പോയത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഉള്‍പ്പെടെ അവസരവും സാവകാശവും നല്‍കിയിരുന്നു. ഈ ഇളവുകള്‍ ഇടപാടുകാര്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും ബാങ്കിന്റെ വിശദീകരണക്കുറിപ്പില്‍ പറയുന്നു.
വീട്ടമ്മയുടെ മൃതദേഹവുമായി കുടുംബവും നാട്ടുകാരും ഇന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് നടുവണ്ണൂര്‍ ശാഖക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. .കൂത്താളി സ്വദേശി ബാബുവിന്റെ ഭാര്യ കവിതയെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബാങ്ക് ഉദ്യോഗസ്ഥര്‍ ജപ്തി നടപടികള്‍ക്കായി എത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജപ്തി ഒഴിവാക്കാന്‍ ചുരുങ്ങിയ ദിവസത്തെ സാവകാശം ചോദിച്ചെങ്കിലും ബാങ്ക് അധികൃതര്‍ വഴങ്ങിയില്ലെന്നും ഈ മനോവിഷമത്തില്‍ കവിത ജീവനൊടുക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ദിവസം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം കവിതയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. ഇന്ന് ഏറ്റുവാങ്ങുന്ന മൃതദേഹം പ്രതിഷേധ സമരത്തിന് ശേഷം കൂത്താളിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.