വീടുകള്‍ തകര്‍ത്തു. പലായനം ചെയ്യല്‍. ഒഡീഷയില്‍ ക്രൈസ്തവര്‍ക്ക് ഇപ്പോഴും ഭീഷണി. ക്രമസമാധാനം പുനഃസ്ഥാപിക്കുമെന്നുള്ള പ്രതീക്ഷയില്‍ ക്രൈസ്തവര്‍
കൊരാപുട്ട്, ഒഡീഷ: ക്രൈസ്തവ വിരുദ്ധ കലാപത്തിലൂടെ അനേകരുടെ ജീവനെടുത്ത കന്ധമാല്‍ സ്ഥിതി ചെയ്യുന്ന ഒഡീഷയില്‍ ക്രൈസ്തവര്‍ ഇപ്പോഴും ഭീഷണി നേരിടുന്നു. ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലെ നിരവധി ആദിവാസി ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ആക്രമിക്കപ്പെടുകയും ബന്ധുഗാവ് ഗ്രാമത്തിലെ അംസദ ഗ്രാമപഞ്ചായത്തില്‍ വീടുകള്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തതായി ഭാരത ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ കീഴിലുള്ള മാധ്യമമായ കാത്തലിക് കണക്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രദേശത്ത് വന്‍ ജനക്കൂട്ടം ക്രൈസ്തവരുടെ വീടുകള്‍ ആക്രമിച്ച് സ്വത്തുക്കള്‍ നശിപ്പിക്കുകയും വധശ്രമം നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഇരകള്‍ അടുത്തുള്ള വനത്തില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരായി. പോലീസ് സഹായത്തോടെയാണ് ക്രൈസ്തവരെ ഒരു പ്രാദേശിക പാസ്റ്ററുടെ വീട്ടിലേക്ക് മാറ്റിയത്.
ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നുവെന്നും അവരുടെ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നുവെന്നും ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഭയത്തോടെയാണ് കഴിയുന്നതെന്നും യുണൈറ്റഡ് ബിലീവേഴ്സ് കൗണ്‍സില്‍ നെറ്റ്വര്‍ക്ക് ഇന്ത്യയുടെ അദ്ധ്യക്ഷന്‍ പല്ലബ് ലിമ പറഞ്ഞു.
ക്രിസ്ത്യന്‍ അഭിഭാഷകരുടെ ഇടപെടലിനും ജില്ലാ കളക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്കും ശേഷം പോലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തതായി അദ്ദേഹം സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടിനുള്ള നഷ്ടപരിഹാരവും സഹായവും ലഭിക്കുന്നതിനായി അധികാരികളോട് ക്രൈസ്തവ നേതൃത്വം അഭ്യര്‍ത്ഥന നടത്തി.
ക്രമസമാധാനം പുനഃസ്ഥാപിച്ച് തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള ഭരണകൂട ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ക്രൈസ്തവര്‍. ക്രിസ്തീയ വിശ്വാസം ഗോത്ര സ്വത്വത്തെ ഭീഷണിപ്പെടുത്തുന്നുവെന്ന് പറഞ്ഞ് വലതുപക്ഷ ഗ്രൂപ്പുകള്‍ ഗ്രാമീണര്‍ക്കിടയില്‍ ഭയം പടര്‍ത്തുകയാണെന്നും ഈ ഭിന്നിപ്പില്‍ നിന്നാണ് ആക്രമണം ഉണ്ടാകുന്നതെന്നും പല്ലബ് ലിമ കൂട്ടിച്ചേര്‍ത്തു.