റഷ്യൻ ആക്രമണത്തിൽ ഉക്രൈനിലെ വീടുകൾ തകർന്നു; ജൂത വംശഹത്യയെ അതിജീവിച്ചവർ വീണ്ടും പ്രതിസന്ധിയിൽ

 
0999

ഉക്രൈനിൽ റഷ്യ, വ്യോമാക്രമണം ശക്തമാക്കിയതോടെ ജൂത വംശഹത്യയെ അതിജീവിച്ച പ്രായമായ നിരവധി ജൂതന്മാർ വീണ്ടും തെരുവിലാകുന്നതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സമീപകാലത്ത് റഷ്യ നടത്തിയ ഏറ്റവും വലിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ ഡസൻകണക്കിന് ജൂത കുടുംബങ്ങളുടെ വീടുകൾ തകരുകയും പലർക്കും താമസം മാറേണ്ടി വരികയും ചെയ്തതായി അന്താരാഷ്ട്ര ജൂത സന്നദ്ധ സംഘടനയായ ‘വേൾഡ് ജൂവിഷ് റിലീഫ്’ വ്യക്തമാക്കി.

കീവ്, സുമി തുടങ്ങിയ പ്രധാന നഗരങ്ങളിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ സമീപകാല ആക്രമണങ്ങൾ. 90 മിസൈലുകളും 600 ഡ്രോണുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ഭീമാകാരമായ ആക്രമണത്തിൽ കീവ് നഗരത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതരല്ലാത്ത ജൂത സമൂഹമായി ഉക്രൈനിലെ ജൂതന്മാർ മാറിയിട്ടുണ്ടെന്ന് വേൾഡ് ജൂവിഷ് റിലീഫ് സി.ഇ.ഒ പോൾ ആന്റിക്കോണി പറഞ്ഞു.

അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തേണ്ട അവസ്ഥയിലാണ് ഉക്രൈനിലെ 1,000-ത്തോളം വരുന്ന ജൂത ഭവനങ്ങൾ ഉള്ളതെന്ന് സംഘടന കണക്കാക്കുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടന കഴിഞ്ഞ 30 വർഷമായി ഉക്രൈനിലെ 8,000-ത്തോളം പ്രായമായ ജൂതന്മാർക്ക് ചികിത്സയും പാർപ്പിടവും ഉറപ്പാക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് അഡോൾഫ് ഹിറ്റ്‌ലറുടെ നാസിപ്പടയുടെ വംശഹത്യയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട പല വൃദ്ധരും 80 വർഷങ്ങൾക്ക് ശേഷം തങ്ങളുടെ ജീവിതാവസാന കാലത്ത് വീണ്ടും മറ്റൊരു യുദ്ധത്തിന് ഇരയാകുകയാണ്.

Tags

Share this story

From Around the Web