ഇടിമിന്നലില്‍ വീടുകള്‍ തകര്‍ന്നു; മോട്ടോറും വയറിംഗും കത്തിനശിച്ചു, കുന്ദമംഗലത്ത് കനത്ത നാശം,വീട്ടമ്മയ്ക്ക് സ്വിച്ച് ബോര്‍ഡ് പൊട്ടിത്തെറിച്ച് മുഖത്ത് പരിക്ക്

 
house main



കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് ശക്തമായ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. കളരിക്കണ്ടിയില്‍ അടുക്കളയിലുണ്ടായിരുന്ന വീട്ടമ്മയ്ക്ക് സ്വിച്ച് ബോര്‍ഡ് പൊട്ടിത്തെറിച്ച് മുഖത്ത് പരിക്കേറ്റു. ഒക്ടോബര്‍ 9 വെള്ളിയാഴ്ച വൈകീട്ട് 5:30-ഓടെയാണ് പ്രദേശത്ത് ശക്തമായ മഴയും അതിശക്തമായ ഇടിമിന്നലുണ്ടായത്. കളരിക്കണ്ടി ചെറുപൈക്കാട്ട് ഗീതയ്ക്കാണ് (60) പരിക്കേറ്റത്. അടുക്കളയില്‍ പാല്‍ പാത്രം എടുക്കാന്‍ ചെന്ന സമയത്ത് ഇടിമിന്നലിന്റെ ആഘാതത്തില്‍ മോട്ടോറിന്റെ സ്വിച്ച് ബോര്‍ഡ് പൊട്ടിത്തെറിച്ച് മുഖത്തേക്ക് തെറിക്കുകയായിരുന്നു.

കളരിക്കണ്ടി ഒഴിയില്‍ ഭാഗത്ത് ചേനോത്ത് സജീവന്റെ വീട് ഉള്‍പ്പെടെ നാലോളം വീടുകള്‍ക്ക് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇടിമിന്നലിന്റെ ആഘാതത്തില്‍ വീടുകളുടെ ചുമരുകള്‍ തകരുകയും, വയറിംഗും മോട്ടോറുകളും മെയിന്‍ സ്വിച്ച് ബോര്‍ഡുകളും പൂര്‍ണ്ണമായി കത്തിനശിക്കുകയും ചെയ്തു. വീടുകളിലെ ഫാനുകളും ലൈറ്റുകളും അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കേടായിട്ടുണ്ട്. ഇടിമിന്നലിന്റെ ആഘാതത്തില്‍ ഭൂമി കുഴിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടതായും പ്രദേശവാസികള്‍ പറഞ്ഞു.


അപകടത്തെ തുടര്‍ന്ന് കെ.എസ്.ഇ.ബി അധികൃതരെത്തി വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈദ്യുതി പുനഃസ്ഥാപിച്ചാല്‍ മാത്രമേ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ വ്യക്തമാകൂ. സംഭവസ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ. ഹിതേഷ്‌കുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

Tags

Share this story

From Around the Web