ട്രെയിനില്‍ മണിയറ. വൈറലായ ആ 'ഹണിമൂണ്‍ യാത്ര' ഉദ്യോഗസ്ഥന്റെ ജോലി തെറിപ്പിച്ചു!
ഓടുന്ന ട്രെയിനില്‍ മധുവിധുവിനായി ആഡംബര മണിയറയൊരുക്കിയ സംഭവത്തില്‍ ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍.
നന്ദേഡ്ഗ്രാം എക്സ്പ്രസിന്റെ ഫസ്റ്റ് എസി കോച്ചിലാണ് ദമ്പതികള്‍ക്കായി മണിയറ സജ്ജീകരിച്ചത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് റെയില്‍വേ ഗിരീഷ് കുമാര്‍ എന്ന ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.
മഹാരാഷ്ട്രയിലെ ജല്‍നയില്‍ നിന്നുള്ള ദമ്പതികള്‍ക്ക് വേണ്ടിയാണ് ഒരു സ്വകാര്യ ഡെക്കറേഷന്‍ സ്ഥാപനം ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റ് മനോഹരമായി അലങ്കരിച്ചത്.
'ഹണിമൂണ്‍ ഓണ്‍ വീല്‍സ്' എന്ന പേരില്‍ ഈ ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിച്ചതോടെ, സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും റെയില്‍വേ പ്രോട്ടോക്കോളുകളെക്കുറിച്ചും നിരവധി പേര്‍ സംശയങ്ങള്‍ ഉന്നയിച്ചു.
അലങ്കാരങ്ങള്‍ തീപിടുത്തത്തിന് കാരണമാകുമോ എന്നും, യാത്രക്കാര്‍ക്ക് ഇത്തരത്തില്‍ കോച്ചുകള്‍ അലങ്കരിക്കാന്‍ അനുവാദമുണ്ടോ എന്നും സമൂഹമാധ്യമങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
അതേസമയം, നിയമലംഘനം നടന്നിട്ടില്ലെന്നായിരുന്നു റെയില്‍വേ ഉദ്യോഗസ്ഥരുടെ പ്രാഥമിക പ്രതികരണം. ദമ്പതികള്‍ രണ്ട് ബെര്‍ത്തുകളും ബുക്ക് ചെയ്തിരുന്നതിനാല്‍ അത് അവരുടെ സ്വകാര്യ ഇടമായി കണക്കാക്കാമെന്നും, അലങ്കാരങ്ങള്‍ ട്രെയിന്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അലങ്കാരങ്ങള്‍ക്ക് റെയില്‍വേയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് സംഘാടകരും വാദിച്ചിരുന്നു.
എങ്കിലും, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയിലും റെയില്‍വേ കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു.
എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയ ഈ 'സഞ്ചരിക്കുന്ന ഹണിമൂണ്‍ സ്യൂട്ട്' സംഭവം ഒടുവില്‍ ഉദ്യോഗസ്ഥന്റെ സസ്പെന്‍ഷനിലാണ് കലാശിച്ചത്.