ഹോട്ടലുകളില്‍ ഇനി 2,000 രൂപയ്ക്ക് മുകളില്‍ യുപിഐ സ്വീകരിക്കില്ല? ഒക്ടോബര്‍ 15 മുതല്‍ നിയന്ത്രണവുമായി ഹോട്ടലുടമകള്‍
സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഒക്ടോബര്‍ 15 മുതല്‍ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ അറിയിച്ചു.
2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് പ്രത്യേക ഫീസ് ഈടാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് അസോസിയേഷന്‍ ഈ നിര്‍ണായക തീരുമാനമെടുത്തത്. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ ജനകീയവും സൗകര്യപ്രദവുമാകുന്ന ഘട്ടത്തില്‍ അതിന് ഫീസ് ഏര്‍പ്പെടുത്തുന്നത് ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ബുദ്ധിമുട്ടിക്കുമെന്നും ഡിജിറ്റല്‍ പണമിടപാടുകളെ നിരുത്സാഹപ്പെടുത്തുമെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാണിക്കുന്നു.
യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം അധികൃതര്‍ അടിയന്തരമായി പിന്‍വലിക്കണമെന്നാണ് ഹോട്ടലുടമകളുടെ ആവശ്യം. അല്ലെങ്കില്‍ ഈ ഫീസ് ഏര്‍പ്പെടുത്തുന്നതിന്റെ പരിധി കുറഞ്ഞത് 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കെങ്കിലും ഉയര്‍ത്തണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജി. ജയപാലും ജനറല്‍ സെക്രട്ടറി എന്‍. അബ്ദുള്‍ റസാഖും പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഒക്ടോബര്‍ 15 മുതല്‍ ഉയര്‍ന്ന തുകയുടെ യുപിഐ ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.