അച്ഛന്റെ ദേഹത്ത് ചൂടുകഞ്ഞിവെള്ളം ഒഴിച്ചു; രണ്ടു ദിവസം തിരിഞ്ഞുനോക്കിയില്ല; കൊലയെന്ന് ഉറപ്പിച്ച് പൊലീസ്
തൃശൂര്‍: പുതുക്കാട് വയോധികന്‍ പൊള്ളലേറ്റ് മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. സ്വന്തം മകന്‍ തന്നെയാണ് വയോധികന്റെ ദേഹത്ത് ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പൊള്ളലേല്‍പ്പിച്ച് കൊലപ്പെടുത്തിയത്. കണ്ടന്‍കവില്‍ വീട്ടില്‍ ഗോപാലകൃഷ്ണനാണ് (70) ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സംഭവത്തില്‍ മകന്‍ വിനോദിനെ (37) പുതുക്കാട് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തുടക്കത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, വിശദമായ അന്വേഷണത്തില്‍ ക്രൂരമായ കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഒക്ടോബര്‍ 21 ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ലഹരിക്ക് അടിമയായ വിനോദ് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ പിതാവിനെ മര്‍ദിക്കാറുണ്ടായിരുന്നു. സംഭവം നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും അച്ഛനെ ഇയാള്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നു.
അമ്മയുടെ മരണശേഷം വീട്ടില്‍ അച്ഛനും മകനും മാത്രമാണ് താമസിച്ചിരുന്നത്.
ഒക്ടോബര്‍ 21-ന് കഞ്ഞിവെള്ളം ദേഹത്തേക്ക് ഒഴിച്ചശേഷം പ്രതി ഗോപാലകൃഷ്ണനെ തിരിഞ്ഞുനോക്കാതെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് രണ്ട് ദിവസത്തോളം അവശനിലയില്‍ കിടന്ന ഗോപാലകൃഷ്ണനെ നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്.
പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു ഗോപാലകൃഷ്ണന്‍. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 23 വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മരണപ്പെടുകയും ചെയ്തു. താമസിച്ച് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ പൊള്ളലുകളിലും മുറിവുകളിലും ഉണ്ടായ കടുത്ത അണുബാധയാണ് മരണത്തിന് കാരണമായത്.
ഗോപാലകൃഷ്ണന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് സഹോദരന്‍ മണികണ്ഠന്‍ നല്‍കിയ നിര്‍ണായക മൊഴിയാണ് കേസില്‍ വഴിത്തിരിവായത്.
മണികണ്ഠന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പുതുക്കാട് പൊലീസ്, വിനോദിനെ തൃശൂര്‍ നഗരത്തില്‍നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ റിമാന്‍ഡ് ചെയ്തതായും കേസില്‍ തുടര്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു. മാള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത മോഷണശ്രമക്കേസിലും വിനോദ് പ്രതിയാണ്.