ഹോര്‍മൂസ് പ്രതിസന്ധി തുടരുന്നു, ട്രംപിന്റെ കാലാവധി തീരും വരെ യുദ്ധമെന്ന് ഇറാന്‍റെ സൂചന
തെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലാവധി അവസാനിക്കുന്നത് വരെ യുദ്ധം തുടരുമെന്ന ശക്തമായ സൂചനയുമായി ഇറാന്‍ രംഗത്ത്. വെടിനിര്‍ത്തല്‍ ധാരണകള്‍ പാലിക്കാന്‍ തയ്യാറാണെന്ന വാര്‍ത്തകള്‍ ഇറാന്‍ തള്ളിക്കളഞ്ഞു. മിസൈല്‍ ആക്രമണം ഭയന്നാണ് നാറ്റോ ഉച്ചകോടിക്കെത്തിയ ട്രംപ് തന്റെ യാത്രാവിമാനം മാറ്റിക്കയറിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. അതേസമയം, ഹോര്‍മൂസ് കടലിടുക്ക് അടിയന്തരമായി തുറക്കേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹോര്‍മൂസിലെ കപ്പല്‍ ഗതാഗതം ഇപ്പോഴും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇനിയും ഉയരുമെന്നാണ് സൂചന. ലോകത്തിലെ കരുതല്‍ എണ്ണ ശേഖരം അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ദിവസം വെറും 14 കപ്പലുകള്‍ മാത്രമാണ് ഹോര്‍മൂസിലൂടെ കടന്നുപോയത്. ഹോര്‍മൂസിന്റെ മധ്യഭാഗത്തുള്ള പരമ്പരാഗത പാതയിലൂടെ നിലവില്‍ ഒരു കപ്പലുകളും സഞ്ചരിക്കുന്നില്ല. ഇതിനിടെ, ഇനി ഒരു രാജ്യവും ഇറാനെ ആക്രമിക്കാന്‍ ധൈര്യപ്പെടാത്ത വിധം പ്രതിരോധം ശക്തമാക്കണമെന്നാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ നിലപാട്.
ജൂണില്‍ ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി കടലിടുക്ക് വീണ്ടും തുറക്കാന്‍ ധാരണയായിരുന്നെങ്കിലും, ജൂലൈയില്‍ പോരാട്ടം പുനരാരംഭിച്ചതോടെയാണ് ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് വീണ്ടും അടച്ചത്. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന പ്രധാന ജലപാതയാണ് ഹോര്‍മൂസ്. കടലിടുക്കിലൂടെയുള്ള സുരക്ഷിത സഞ്ചാരം സംബന്ധിച്ച് ഇറാന്‍ ഒമാനുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍, സുരക്ഷിതമായ സഞ്ചാരത്തിന് അനുമതി നല്‍കുന്നത് കടലിടുക്ക് പൂര്‍ണമായി തുറക്കുന്നതിന് തുല്യമല്ലെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ ഗള്‍ഫ് ഓഫ് ഏഡനെയും ഇന്ത്യന്‍ മഹാസമുദ്രത്തെയും ചെങ്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് അല്‍-മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതവും തടയുമെന്ന് ഭീഷണി മുഴക്കിയത് ആഗോള എണ്ണ ഒഴുക്കിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചെങ്കടല്‍ തീരത്തുള്ള സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണവും സ്ഥിതിഗതികള്‍ വഷളാക്കിയിട്ടുണ്ട്.
ഇതിനിടെ, അമേരിക്കന്‍ സൈനികരെ അനാവശ്യവും അപകടകരവുമായ യുദ്ധത്തിലേക്ക് തള്ളിയിട്ടത് ട്രംപാണെന്ന് അമേരിക്കന്‍ സെനറ്റിലെ ന്യൂനപക്ഷ നേതാവ് ചക്ക് ഷൂമര്‍ കടുത്ത വിമർശനം ഉന്നയിച്ചു. അമേരിക്കയുടെ സുരക്ഷയെക്കാള്‍ ട്രംപിന്റെ ആഡംബരത്തിനും വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കുമാണ് റിപ്പബ്ലിക്കന്‍ നേതൃത്വം മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.