മതപരമായ കാരണങ്ങളാല്‍ വന്ദേമാതരം ആലപിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു';സുപ്രിംകോടതി
ന്യൂഡല്‍ഹി: മതപരമായ കാരണങ്ങളാല്‍ 'വന്ദേ മാതരം' ആലപിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ക്രിമിനല്‍ നടപടി നേരിടേണ്ടിവരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രിംകോടതി. കര്‍ണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാലുള്ള നിരീക്ഷണം.
അതേസമയം, 'വന്ദേ മാതരം' ദേശീയഗാനമായി പ്രഖ്യാപിച്ച നടപടിയെ കോടതി പുനഃപരിശോധിക്കേണ്ടതില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ദേശീയഗാനമായി ഏത് ഗാനത്തെ അംഗീകരിക്കണമെന്നത് കോടതിയുടെ തീരുമാനപരിധിയില്‍ വരുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.
മതപരമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ 'വന്ദേ മാതരം' പാടുന്നതില്‍ എതിര്‍പ്പുള്ളവര്‍ക്ക് ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ പ്രകാരമുള്ള അവകാശങ്ങള്‍ ബാധകമാണെന്നും അത്തരം വ്യക്തികള്‍ക്ക് ക്രിമിനല്‍ ശിക്ഷ ഏര്‍പ്പെടുത്താന്‍ പാടില്ലെന്നുമാണ് കോടതിയുടെ നിലപാട്.
'വന്ദേ മാതരം' ആറ് പദ്യങ്ങളും ഔദ്യോഗിക ചടങ്ങുകളില്‍ ആലപിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെ ചോദ്യം ചെയ്താണ് ടി.എം. കൃഷ്ണ സുപ്രീംകോടതിയെ സമീപിച്ചത്.
ആറ് പദ്യങ്ങളില്‍ അവസാനത്തെ നാല് പദ്യങ്ങളില്‍ ഹിന്ദു ദേവതകളെ പരാമര്‍ശിക്കുന്നതിനാല്‍ അവ നിര്‍ബന്ധമായി ആലപിക്കുന്നത് മതനിരപേക്ഷതയുടെ ഭരണഘടനാ തത്വത്തിന് വിരുദ്ധമാണെന്നാണ് ഹരജിയിലെ വാദം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
'വന്ദേ മാതരം' സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങളും നിയമത്തിലെ ഭേദഗതിയും ചോദ്യം ചെയ്തുള്ള ഹരജിയില്‍ കോടതി തുടര്‍നടപടികള്‍ പരിഗണിക്കും.