പ്രതീക്ഷയറ്റ് ടെഹ്‌റാനിലെ യുവത്വം: ലക്ഷ്യം രാജ്യം വിടൽ മാത്രം

 
33333333

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭീതികളിൽ നിന്ന് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാൻ സാവധാനം സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ, അവിടുത്തെ യുവാക്കൾക്കിടയിൽ പടരുന്നത് കടുത്ത നിരാശയും നിസ്സംഗതയും ആണ്. യുദ്ധം അവസാനിച്ചതോടെ നഗരത്തിലെ കഫേകളിലും തെരുവുകളിലും യുവാക്കൾ വീണ്ടും സജീവമായിട്ടുണ്ടെങ്കിലും, അവരുടെ ഉള്ളിലെ പ്രതീക്ഷകൾ പൂർണ്ണമായും നശിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സെൻട്രൽ ടെഹ്‌റാനിലെ സനായി തെരുവിൽ വൈകുന്നേരങ്ങളിൽ ഒത്തുകൂടുന്ന യുവാക്കൾക്കിടയിൽ പഴയതുപോലെ രാഷ്ട്രീയ ചർച്ചകളും തമാശകളും നടക്കുന്നുണ്ട്. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതിനാൽ ഫോണുകൾ അധികം പുറത്തെടുക്കാതെ, അവർ തങ്ങളുടെ ഭാവിയെക്കുറിച്ചും രാജ്യം വിടാനുള്ള പദ്ധതികളെക്കുറിച്ചും ആണ് കൂടുതൽ സംസാരിക്കുന്നത്. എന്നാൽ, ഭരണകൂടത്തിനെതിരെയുള്ള പോരാട്ടങ്ങളിൽ ഇനിയൊരു പങ്കാളിത്തത്തിന് തങ്ങൾ തയ്യാറല്ലെന്നാണ് ഭൂരിഭാഗം പേരും വ്യക്തമാക്കുന്നത്.

രാജ്യം വിടണം

കഴിഞ്ഞ ജനുവരിയിൽ രാജ്യത്ത് നടന്ന ജനകീയ പ്രതിഷേധങ്ങളെ ഇറാൻ ഭരണകൂടം ക്രൂരമായാണ് അടിച്ചമർത്തിയത്. ഇതിന് പിന്നാലെയാണ് യുദ്ധവുമുണ്ടായത്. ഈ രണ്ട് സംഭവങ്ങളും ഇറാന്റെ പുതിയ തലമുറയുടെ (Gen Z) ചിന്താഗതിയെ പൂർണ്ണമായി മാറ്റിമറിച്ചു. പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഒരു യുവാവ് തന്റെ അനുഭവം പങ്കുവെച്ചത് ഇങ്ങനെയാണ്: “ഭരണമാറ്റം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ അതുണ്ടായില്ല. അമേരിക്കയ്ക്കും ഇസ്രായേലിനും പോലും ഈ ഭരണകൂടത്തെ പുറത്താക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ആർക്കും അതിന് കഴിയില്ല. ഇനിയൊരു പ്രതിഷേധത്തിന് ആരെങ്കിലും വിളിച്ചാൽ ഞാൻ പോകില്ല. എത്രയും വേഗം ഇറാൻ വിടുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം.”

ഇറാനിലെ പ്രമുഖ പ്രതിപക്ഷ നേതാവായ റെസ പഹ്ലവിയെ തങ്ങൾക്ക് ഇഷ്ടമാണെന്ന് സമ്മതിക്കുമ്പോഴും, ഇറാൻ ഭരണകൂടമെന്ന ഏഴു തലയുള്ള ഡ്രാഗണെ (Seven-headed dragon) വീഴ്ത്താൻ അദ്ദേഹത്തിന് കഴിയില്ലെന്നാണ് സബ എന്ന പെൺകുട്ടി പറയുന്നു.

ഖമേനിയുടെ മരണവും തകർന്ന പ്രതീക്ഷകളും

ഭരണാധികാരിയായിരുന്ന ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടെന്ന വാർത്ത വന്നപ്പോൾ തങ്ങൾ രഹസ്യമായി വലിയ രീതിയിൽ ആഘോഷിച്ചതായി 19കാരിയായ തന്നാസ് ഓർക്കുന്നു. എന്നാൽ ആ സന്തോഷവും പ്രതീക്ഷയും താൽക്കാലികം മാത്രമായിരുന്നു. പ്രതിഷേധങ്ങൾക്കിടയിൽ സ്വന്തം സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റത് തന്നെ മാനസികമായി തകർത്തുവെന്നും, ഇനി എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും തന്നാസ് പറയുന്നു.

ടെഹ്‌റാനിലെ ഇന്നത്തെ നഗര യുവാക്കളുടെ പ്രധാന രാഷ്ട്രീയ നിലപാട് വിപ്ലവമോ പരിഷ്കരണമോ അല്ല, മറിച്ച് ‘രാജ്യം വിടുക’ എന്നത് മാത്രമാണ്. നിലവിലെ ഭരണകൂടത്തോടുള്ള കടുത്ത വിരോധം അവരുടെ വാക്കുകളിൽ വ്യക്തമാണ്. എന്നാൽ, തങ്ങൾ വിചാരിച്ചതിലും എത്രയോ ക്രൂരവും ശക്തവുമാണ് ഈ ഭരണകൂടമെന്ന തിരിച്ചറിവ് അവരെ നിസ്സഹായരാക്കിയിരിക്കുന്നു. യുദ്ധത്തിന് ശേഷം ടെഹ്‌റാൻ അതിന്റെ പഴയ ശബ്ദവും കോലാഹലങ്ങളും തിരിച്ചുപിടിച്ചിട്ടുണ്ടാകാം. എന്നാൽ, ആ ശബ്ദങ്ങൾക്കിടയിൽ ചരിത്രം ഇനി തങ്ങളുടേതല്ലെന്ന തിരിച്ചറിവോടെ, പ്രതീക്ഷകൾ കൈവിട്ട ഒരു തലമുറയാണ് ഇപ്പോൾ ഇറാനിൽ വളർന്നുവരുന്നത്. ഇനി മുന്നോട്ട് വിപ്ലവമല്ല ലക്ഷ്യമെന്ന് രാജ്യത്ത് നിന്നും പുറത്ത് പോകുന്നതാണ് നല്ലതെന്നു ഈ തലമുറ പറയുന്നു.

Tags

Share this story

From Around the Web