സഹോദര്യപൂർണ്ണമായ സ്നേഹത്തിൽനിന്നാണ് ലോകത്തിൽ പ്രത്യാശയുണ്ടാകുന്നത്: കർദ്ദിനാൾ പരൊളീൻ
തികച്ചും ദുർബലവും ആശങ്കാജനകവുമായ അവസ്ഥയിലൂടെയാണ് ലോകത്തിന്റെ പലയിടങ്ങളിലും ആളുകൾ കടന്നുപോകുന്നതെന്നും, വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ സഹോദരസ്നേഹമാതൃകയിൽ പരസ്പരം സ്നേഹിക്കുന്നിടത്ത് പ്രത്യാശയുടെ നാമ്പുകൾ ഉടലെടുക്കുമെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ.
അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ തിരുശേഷിപ്പുകൾ വണക്കത്തിന് തുറന്നുകൊടുത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ച് 15-ന് അവിടെയെത്തിയ വേളയിൽ നൽകിയ അഭിമുഖത്തിലാണ്, അന്താരാഷ്ട്രതലത്തിൽ ലോകം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി പരാമർശിച്ചത്.
വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി എന്ന നിലയിലും, അന്താരാഷ്ട്രബന്ധങ്ങൾ സംബന്ധിച്ചുള്ള ദീർഘകാല പരിചയത്തിന്റെ പേരിലും, സമകാലീന പ്രശ്നങ്ങളെക്കുറിച്ച്, വിശ്വാസത്തിന്റെ വ്യക്തി എന്ന നിലയിൽ എന്താണ് പറയാനുള്ളത്? എവിടെയാണ് പ്രത്യാശയുടെ അടയാളങ്ങൾ കാണാനാകുക? എപ്രകാരം അവ സ്വീകരിക്കാനാകും തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ കർദ്ദിനാൾ പരൊളീൻ, ആശങ്കാകുലമായ അവസ്ഥകളിലൂടെ ലോകം കടന്നുപോകുമ്പോഴും, അവയുടെ മുന്നിൽ തളരാതെയും അടിയറവു പറയാതെയും, ജീവിതത്തിൽ മുന്നോട്ട് പോകാനും പരസ്പരബന്ധങ്ങൾ സാധ്യമാക്കാനും പുതിയ മാർഗ്ഗങ്ങൾ തേടുന്ന ജനതയെയാണ് നാം കാണുന്നതെന്ന് പ്രസ്താവിച്ചു.
നമ്മുടെ വിശ്വാസം പ്രത്യാശയ്ക്കുള്ള വലിയൊരു കാരണമാണെന്ന് അഭിപ്രായപ്പെട്ട വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി, വിശ്വാസം സഹോദര്യചിന്തകളിലേക്ക് നയിക്കുന്ന സമൂർത്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്ന് പ്രസ്താവിച്ചു.
ഭിന്നിച്ചുനിൽക്കുന്ന ഇന്നിന്റെ ലോകത്ത് ചുറ്റുമുള്ളവർ എതിരാളികളും ശത്രുക്കളുമാണെന്ന ചിന്ത ഉളവാകാമെന്നും, എന്നാൽ യേശുവിന്റെ സന്ദേശങ്ങളിൽനിന്ന് പ്രേരിതനായി വിശുദ്ധ ഫ്രാൻസിസ് മുന്നോട്ടുവയ്ക്കുന്ന ചിന്ത ഏവരെയും, ശത്രുക്കളെപ്പോലും സ്നേഹിക്കാനുള്ളതാണെന്നും കർദ്ദിനാൾ പരൊളീൻ ഓർമ്മിപ്പിച്ചു.
ശത്രുക്കളെപ്പോലും സ്നേഹിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സ്നേഹത്തിൽനിന്നാണ് പ്രത്യാശയുടെ ചിന്തകൾ സ്വന്തമാക്കാൻ നമുക്ക് സാധിക്കുകയെന്നും, അങ്ങനെ എല്ലാവർക്കും എല്ലാമാകുന്ന അത്തരമൊരു സ്നേഹത്തിൽനിന്നാണ് സമാധാനവും ശാന്തതയും യാഥാർത്ഥ്യമാക്കാൻ സാധിക്കുകയെന്നും വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ കർദ്ദിനാൾ പരൊളീൻ പറഞ്ഞു.
അങ്ങനെ വെറുപ്പിന്റെയും ഭിന്നതയുടെയും ചിന്തകളെയും സാഹചര്യങ്ങളെയും അംഗീകരിക്കാതെ, സമാധാനത്തിന്റെ മാർഗ്ഗത്തിനായി പരിശ്രമിക്കുന്ന ജനങ്ങളാണ് പ്രത്യാശയുടെ അടയാളമായി നിൽക്കുന്നതെന്നും, ഇത് ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിസ്ഥാന ജനവിഭാഗങ്ങളിൽനിന്ന് ഉയരുന്ന നിലവിളി ശ്രവിക്കാത്ത ലോകനേതൃത്വങ്ങളെ കർദ്ദിനാൾ പ്രത്യേകം പരാമർശിച്ചു. എന്നാൽ സാധാരണക്കാരായ മനുഷ്യരുടെ സ്വരം പ്രത്യാശ നൽകുന്ന ഒന്നാണെന്നും, അക്രമത്തിന്റെയും അടിച്ചമർത്തലിന്റെയും ജീവിതരീതികളെ അംഗീകരിക്കാത്ത ഒന്നാണതെന്നും പറഞ്ഞ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, സുവിശേഷത്തിൽനിന്ന് വരുന്നതും ഇതേ പ്രത്യാശയാണെന്ന് അഭിപ്രായപ്പെട്ടു.