സംഘര്‍ഷ ഭൂമിയില്‍ പ്രത്യാശ; മ്യാന്‍മറില്‍ പുതിയ ഇടവക കൂദാശ ചെയ്തു

 
ST PATRIK


കലൈ: മ്യാന്‍മറിലെ ആഭ്യന്തര യുദ്ധവും പ്രതിസന്ധികളും തുടരുന്നതിനിടയില്‍, വിശ്വാസികള്‍ക്ക് പ്രത്യാശ പകര്‍ന്ന് വടക്കുപടിഞ്ഞാറന്‍ മേഖലയിലെ കലൈ രൂപതയില്‍ ലളിതമായ രീതിയില്‍ നിര്‍മ്മിച്ച പുതിയ ഇടവക ദേവാലയം കൂദാശ ചെയ്തു.

 2021-ലെ സൈനിക അട്ടിമറിക്ക് ശേഷം സംഘര്‍ഷം രൂക്ഷമായ സാഗയിംഗ്, ചിന്‍ എന്നീ സംസ്ഥാനങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന രൂപതയിലാണ് പുതിയ ദേവാലയം ആരാധനയ്ക്കായി തുറന്നത്. 

പ്രതിസന്ധികള്‍ക്ക് നടുവില്‍ കഴിയുന്ന ജനങ്ങള്‍ക്ക് വലിയ ആശ്വാസവും പ്രത്യാശയും പകരുന്ന ചടങ്ങ് കഴിഞ്ഞ ആഴ്ചയാണ് നടന്നത്. രൂപതാധ്യക്ഷന്‍ മോണ്‍. ഫെലിക്‌സ് ലിയാന്‍ ഖേന്‍ താംഗിന്റെ മുഖ്യകാര്‍മികത്വത്തിലായിരിന്നു ദേവാലയ കൂദാശയും വിശുദ്ധ കുര്‍ബാന അര്‍പ്പണവും.


പന്ത്രണ്ടോളം വൈദികരും അറുന്നൂറിലധികം വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. ചടങ്ങിനിടെ 60 കുട്ടികള്‍ക്ക് സ്ഥൈര്യലേപന കൂദാശയും നല്‍കി. മ്യാന്മറിലെ പാരമ്പര്യ വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ ചിന്‍ വംശജരായ വിശ്വാസികള്‍ പാട്ടുകളോടും നൃത്തങ്ങളോടും കൂടി മെത്രാനെ സ്വീകരിച്ചു. 


പുതിയ ഇടവകയുടെ സ്ഥാപനം ദൈവാനുഗ്രഹവും രൂപതയുടെ വികസനത്തിനായുള്ള പ്രത്യാശയുടെ അടയാളവുമാണെന്നു മെത്രാന്‍ വചന സന്ദേശത്തില്‍ എടുത്തു പറഞ്ഞു. ആറ് ഗ്രാമങ്ങളിലായി 210 കത്തോലിക്ക കുടുംബങ്ങളാണ് പുതിയ ഇടവകയിലുള്ളത്. 

യുദ്ധസാഹചര്യത്തില്‍ വിശുദ്ധ കുര്‍ബാന ഉള്‍പ്പെടെയുള്ള കൂദാശകള്‍ വിശ്വാസികള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് പുതിയ ഇടവക സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം.


ജനങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയില്‍ ക്രിസ്തുവിന്റെ സജീവ സാന്നിധ്യം ഉറപ്പാക്കാന്‍ ഒരു സ്ഥിരം വൈദികന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്നും രൂപതാധ്യക്ഷന്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേയുള്ള സന്ദേശത്തില്‍ പറഞ്ഞു. 2021 ഫെബ്രുവരിയില്‍ സൈനിക അട്ടിമറിയെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര സംഘര്‍ഷം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലൊന്നിലാണ് സാഗയിംഗ് മേഖലയ്ക്കും ചിന്‍ സ്റ്റേറ്റിനും ഇടയിലുള്ള കാലേ രൂപത സ്ഥിതി ചെയ്യുന്നത്. പ്രദേശത്തു ഇപ്പോഴും കടുത്ത മാനുഷിക സാമൂഹിക പ്രതിസന്ധി നേരിടുന്നുണ്ട്.


മണ്ഡാലെ അതിരൂപതയുടെ കീഴിലുള്ള രൂപതയായ കാലേ രൂപതയില്‍ ഏകദേശം 60,000 കത്തോലിക്ക വിശ്വാസികളാണുള്ളത്. ഇവയില്‍ ഭൂരിഭാഗം പേരും സാഗയിംഗ് മേഖലയിലാണ്. സൈന്യവും പ്രാദേശിക പ്രതിരോധ സേനകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂലം ജനജീവിതം ദുസ്സഹമാണ്. ഭക്ഷ്യക്ഷാമം, വൈദ്യുതി തടസ്സം, ചികിത്സാ സൗകര്യങ്ങളുടെ അഭാവം എന്നിവ ജനങ്ങളെ വലയ്ക്കുന്നു. പ്രദേശത്ത് കത്തോലിക്ക സന്നദ്ധ സംഘടനകള്‍ സജീവമായി പ്രവര്‍ത്തനനിരതമാണ്. രൂപതയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ ഇപ്പോള്‍ നാല്‍പ്പതിനായിരത്തോളം വരുന്ന ആഭ്യന്തര അഭയാര്‍ത്ഥികള്‍ക്കുള്ള അഭയകേന്ദ്രങ്ങളാണ്. 2021 ലെ സൈനിക അട്ടിമറിയില്‍ ആറായിരത്തിലധികം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
 

Tags

Share this story

From Around the Web