ഹണിമൂണ്‍ കൊലക്കേസ്: സോനം രഘുവംശിക്ക് ജാമ്യത്തില്‍ തുടരാം. പൊലീസിന്റെ അടിയന്തര ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: രാജ്യം മുഴുവൻ കോളിളക്കം സൃഷ്ടിച്ച മേഘാലയ ഹണിമൂൺ കൊലപാതകക്കേസിലെ മുഖ്യപ്രതി സോനം രഘുവംശിക്ക് താൽക്കാലിക ആശ്വാസം. പ്രതിക്ക് കീഴ്ക്കോടതികൾ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മേഘാലയ പൊലീസ് നൽകിയ ഹർജിയിൽ അടിയന്തരമായി ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു.
പ്രതി ഇതിനോടകം ജാമ്യം നേടി ജയിലിൽനിന്ന് പുറത്തിറങ്ങിയ പശ്ചാത്തലത്തിലാണ് ഈ ഘട്ടത്തിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കിയത്.
കേസിൽ പൊലീസിന്റെ ഹർജിയിലെ ആരോപണങ്ങൾ അതീവ ഗൗരവതരമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ, പ്രതി പുറത്തിറങ്ങിക്കഴിഞ്ഞ സ്ഥിതിക്ക് ജാമ്യം ഉടനടി റദ്ദാക്കാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
പൊലീസിന്റെ ഹർജിയിൽ കൃത്യമായ മറുപടി സമർപ്പിക്കുന്നതിനായി സോനത്തിന്റെ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ഹർജി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
മേഘാലയ പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിലും അറസ്റ്റ് രേഖകളിലും നിയമവകുപ്പുകൾ മാറിപ്പോയതടക്കമുള്ള വൻ പിശകുകളാണ് സംഭവിച്ചിരുന്നത്.
കുറ്റപത്രത്തിലെ ഈ ക്ലറിക്കൽ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് മേഘാലയയിലെ വിചാരണ കോടതി പ്രതിക്ക് നേരത്തെ ജാമ്യം അനുവദിച്ചത്. പിന്നീട് മേഘാലയ ഹൈക്കോടതിയും ഈ ഉത്തരവ് ശരിവെയ്ക്കുകയായിരുന്നു.
പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക പിഴവുകൾ കാരണമാണ് സോനം രഘുവംശിക്ക് ജാമ്യം ലഭിച്ചതെന്ന് മേഘാലയ പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ വാദിച്ചു.
ഇതിനുമുൻപ് പ്രതി സമർപ്പിച്ച ജാമ്യഹർജികളെല്ലാം കോടതികൾ കർശനമായി തള്ളിക്കളഞ്ഞിരുന്നതാണെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
2025 മേയ് 23-നാണ് ഇൻഡോർ സ്വദേശിനിയായ സോനം രഘുവംശി, ഭർത്താവ് രാജ രഘുവംശിയെ മേഘാലയയിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. ഹണിമൂൺ ആഘോഷിക്കാനായി എത്തിയ യാത്രയ്ക്കിടയിൽ കാമുകന്റെയും വാടകക്കൊലയാളികളുടെയും സഹായത്തോടെയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.
അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന് വ്യക്തമായതോടെ സോനം ഉൾപ്പെടെയുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ നിയമവീഴ്ചയാണ് ഇപ്പോൾ പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയിരിക്കുന്നത്.