ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്താന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഇന്ത്യന്‍ നാവികസേനാംഗം കോയമ്പത്തൂരില്‍ പിടിയില്‍. സംഭവത്തില്‍ പ്രതീപ് മുഖര്‍ജിയെന്ന വ്യക്തിയെ ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് (സിഐ) സെല്‍ പിടികൂടി.
കോയമ്പത്തൂര്‍ റെഡ് ഫീല്‍ഡ്‌സിലെ ഐഎന്‍എസ് അഗ്രാനിയില്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് കോഴ്‌സ് ചെയ്യുകയാണ് ഇയാള്‍. ഇതിനിടെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സമൂഹമാധ്യമം വഴി പരിചയം സ്ഥാപിച്ച യുവതി, ഇയാളുമായി കൂടുതല്‍ അടുത്ത് വിഷാഖപട്ടണം നേവല്‍ ബേസിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു.
വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഐഎന്‍എസ് അഗ്രാനിയിലെത്തിയ സിഐ സ്‌പെഷല്‍ സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി നിലവില്‍ വിജയവാഡയിലെ കൗണ്ടര്‍ ഇന്റലിജന്‍സ് ആസ്ഥാനത്തേക്ക് കൊണ്ടുപോയിരിക്കുകയാണ്.
വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഇയാള്‍ പണം വാങ്ങിയിട്ടുണ്ടോയെന്നും ഹവാല വഴിയോ ഡിജിറ്റലായോ ഇയാള്‍ പണം വാങ്ങിയോയെന്നും എത്രത്തോളം വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്നുമുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
2014ലാണ് ഇയാള്‍ നാവികസേനയില്‍ ചേര്‍ന്നത്. വിശാഖപട്ടണത്തെ ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന് കീഴിലായിരുന്നു സേവനമാരംഭിച്ചത്. തുടര്‍ന്ന് മാനേജ്മെന്റ് ഡെവലപ്മെന്റ് കോഴ്‌സിനായി ഒരു ആഴ്ച മുമ്പാണ് ഇയാള്‍ കോയമ്പത്തൂരില്‍ എത്തിയത്.
പ്രധാനപ്പെട്ട വിവരങ്ങളായ നാവിക ആസ്തികള്‍, കപ്പലുകളുടെ നീക്കങ്ങള്‍ തുടങ്ങി നിര്‍ണായകമായ വിവരങ്ങളാവാം ചോര്‍ത്തി നല്‍കിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമുള്ളത്. ഇയാള്‍ നടത്തിയ ഡിജിറ്റല്‍ ഇടപാടുകള്‍ ഉള്‍പ്പെടെ വിശദമായ പരിശോധന നടന്നുക്കൊണ്ടിരിക്കുകയാണ്.