ലഹരിയില്‍ നിന്ന് പതിനായിരത്തിലധികം പേരെ മോചിപ്പിച്ച കന്യാസ്ത്രീകള്‍ക്ക് ആഭ്യന്തര വകുപ്പിന്റെ ആദരം,ഈ സിസ്റ്റര്‍മാരാണ് യഥാര്‍ഥ തൂഫാന്‍ വാരിയര്‍മാരെന്ന് മന്ത്രി

 
SRS

മാനന്തവാടി: നാല് പതിറ്റാണ്ടിലേറെയായി ലഹരിവിമുക്ത ചികിത്സാരംഗത്ത് പ്രവര്‍ത്തിച്ച് പതിനായിരത്തിലധികം പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന രണ്ട് കന്യാസ്ത്രീകള്‍ക്ക് കേരള ആഭ്യന്തര വകുപ്പിന്റെ ആദരം. മാനന്തവാടി വിന്‍സന്റ് ഗിരി ആശുപത്രിയിലെ ഡി അഡീക്ഷന്‍ സെന്റര്‍ ഡയറക്ടര്‍മാരായ സിസ്റ്റര്‍ മരിയ സെലിന്‍ പ്ലാമൂട്ടിലിനെയും സിസ്റ്റര്‍ മേരി ആന്‍ നെല്ലിക്കയത്തിനെയുമാണ് 'തൂഫാന്‍ വാരിയര്‍' ബാഡ്ജ് നല്‍കി ആദരിച്ചത്. മാനന്തവാടി പോലീസ്, ഫയര്‍ സ്റ്റേഷനുകളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ബാഡ്ജ് അണിയിച്ചത്.

ലഹരിക്ക് അടിമകളായവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ജീവിതം സമര്‍പ്പിച്ച ഈ സിസ്റ്റര്‍മാരാണ് യഥാര്‍ഥ തൂഫാന്‍ വാരിയര്‍മാരെന്ന് മന്ത്രി പറഞ്ഞു. നാല് പതിറ്റാണ്ടായി ആയിരക്കണക്കിന് ആളുകള്‍ക്ക് ലഹരിയില്‍നിന്ന് മോചനം നല്‍കുന്ന ഇവര്‍ക്കും വിന്‍സന്റ് ഗിരി ആശുപത്രിയിലെ ഡിഅഡിക്ഷന്‍ സെന്ററിനും സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ സിസ്റ്റര്‍മാരെ ആദരിക്കുന്നതിന് മുന്നോടിയായി ഇവരുടെ സേവനങ്ങളെക്കുറിച്ച് വേദിയില്‍ അനൗണ്‍സ്‌മെന്റ് നടത്തി.

1987ലാണ് വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ ലഹരിവിമുക്ത ചികിത്സ ആരംഭിച്ചത്. മദ്യത്തിനും മറ്റ് ലഹരിവസ്തുക്കള്‍ക്കും അടിമപ്പെട്ട പതിനായിരത്തിലധികം പേര്‍ക്ക് ഇവിടെ ചികിത്സയിലൂടെ പുതുജീവിതം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ന് രാസലഹരിക്ക് അടിമപ്പെട്ട യുവാക്കള്‍ ഉള്‍പ്പെടെ ചികിത്സയ്ക്കായി ഇവിടെ എത്തുന്നുണ്ട്. ശാരീരിക പ്രയാസങ്ങള്‍ക്കിടയിലും വിശ്രമജീവിതത്തിലേക്ക് മാറാതെ സേവനം തുടരുന്ന സിസ്റ്റര്‍മാര്‍ നിരവധി കുടുംബങ്ങള്‍ക്കാണ് പ്രതീക്ഷയും ആശ്വാസവുമേകുന്നത്. ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആഭ്യന്തര വകുപ്പും കേരള പോലീസും നടപ്പാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍ - ദ നാര്‍ക്കോ ഹണ്ട്' ദൗത്യത്തിന് പൂര്‍ണ പിന്തുണ തുടരുമെന്ന് സിസ്റ്റര്‍മാര്‍ അറിയിച്ചു.

മാനന്തവാടി പോലീസ് സ്റ്റേഷന് മുന്നില്‍ നടന്ന ചടങ്ങില്‍ മാനന്തവാടി എംഎല്‍എ ഉഷ വിജയന്‍ അധ്യക്ഷത വഹിച്ചു. കൃഷിമന്ത്രി ടി. സിദ്ധിഖ് മുഖ്യപ്രഭാഷണം നടത്തി. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, വടക്കന്‍ മേഖല ഐജി പുട്ട വിമലാദിത്യ, കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തിക്, വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍, മാനന്തവാടി എഎസ്പി ബി. കാര്‍ത്തിക്, ജനപ്രതിനിധികള്‍ സംസാരിച്ചു.

Tags

Share this story

From Around the Web