പാവപ്പെട്ടവരുടെ നിയോഗങ്ങള്‍ക്കായി കുര്‍ബാന പണം കൈപ്പറ്റാതെ വിശുദ്ധ ബലിയര്‍പ്പിക്കണം, കുര്‍ബാന പണത്തിന് വാണിജ്യ സ്വഭാവം പാടില്ല; പുതിയ നിർദേശങ്ങളുമായി വത്തിക്കാന്‍
 

 
www
വത്തിക്കാന്‍ സിറ്റി:കത്തോലിക്ക സഭയില്‍ വിശുദ്ധ കുര്‍ബാന ധര്‍മ്മം (കുര്‍ബാന പണം) സംബന്ധിച്ച് കൂടുതല്‍ സുതാര്യതയും വ്യക്തതയും ഉറപ്പ് വരുത്തുന്നതിനായി വൈദികര്‍ക്കായുള്ള റോമന്‍ ഡിക്കാസ്റ്ററി ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരത്തോടെ പുതിയ ഡിക്രി പുറത്തിറക്കി.

നിലവിലുള്ള ചട്ടങ്ങള്‍ പുതുക്കുന്ന ഈ പുതിയ ഡിക്രി ഈസ്റ്റര്‍ ദിനത്തില്‍ പ്രാബല്യത്തില്‍ വരും. വിശുദ്ധ കുര്‍ബാനയുടെ നിയോഗത്തിനായി വിശ്വാസികള്‍ വൈദികര്‍ക്ക് നല്‍കി വന്നിരുന്ന കുര്‍ബാന പണം തുടര്‍ന്നും നല്‍കാമെങ്കിലും ഇതിന് വാണിജ്യ കൈമാറ്റത്തിന്റെ സ്വഭാവമുണ്ടാകരുതെന്ന് പുതിയ മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കുന്നു.

പാവപ്പെട്ടവരുടെ നിയോഗങ്ങള്‍ക്കായി കുര്‍ബാന പണം കൈപ്പറ്റാതെ വിശുദ്ധ ബലിയര്‍പ്പിക്കുന്നതിന് പുതിയ ഡിക്രി വൈദികരോട് ആഹ്വാനം ചെയ്തു. വിവിധ നിയോഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന പതിവ് ഇനി മുതല്‍ കൂടുതല്‍ കൃത്യമായ നിബന്ധനകളോടെ മാത്രമേ പാടുള്ളൂവെന്ന് ഡിക്കാസ്റ്ററി ഓര്‍മിപ്പിക്കുന്നു.

ഇത്തരം കുര്‍ബാനകളിലേക്ക് പണം സ്വീകരിക്കുമ്പോള്‍ വിശ്വാസികളോട് ഇതേക്കുറിച്ച് വ്യക്തമായി അറിയിക്കണമെന്നും അവരുടെ സ്വതന്ത്ര്യമായ സമ്മതത്തോടെ മാത്രമേ വിവിധ നിയോഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിശുദ്ധ ബലിക്കായി അവരുടെ സംഭാവന സ്വീകരിക്കാവൂ എന്നും ഡിക്രി അനുശാസിക്കുന്നു.

വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനായി സംഭാവന നല്‍കുന്ന വിശ്വാസികള്‍, തങ്ങളുടേതായ ത്യാഗം ഏറ്റെടുക്കുന്നത് വഴി കൂടുതലായി വിശുദ്ധ ബലിയോട് ചേരുകയും അതോടൊപ്പം സഭയുടെ ആവശ്യങ്ങളോട് സഹകരിക്കുകയും സഭയില്‍ ശുശ്രൂഷ ചെയ്യുന്നവരുടെ പരിപാലനത്തിനായി തങ്ങളുടെ സംഭാവന നല്‍കുകയുമാണ് ചെയ്യുന്നതെന്ന് ഡിക്രി ഓര്‍മിപ്പിക്കുന്നു.

വിശുദ്ധ കുര്‍ബാന നിയോഗത്തിലേക്കായി ഓരോ വ്യക്തികളും നല്‍കുന്ന സംഭാവനയ്ക്ക് ഓരോ വിശുദ്ധ ബലി വീതം അര്‍പ്പിക്കപ്പെടണമെന്ന ചട്ടം പാലിക്കപ്പെടുക, വിവിധ നിയോഗങ്ങളോടെ ഒരു വിശുദ്ധ ബലിയര്‍പ്പിക്കുന്ന അധികമായ പതിവ് കുറയ്ക്കുക എന്നീ ഉദ്ദേശങ്ങളും പുതിയ ഡിക്രിക്ക് പിന്നിലുണ്ട്.

കുര്‍ബാനയുടെ നിയോഗാര്‍ത്ഥം സംഭാവന സ്വീകരിക്കുമ്പോള്‍ അത് കൃത്യമായി രേഖപ്പെടുത്തപ്പെടുന്നുവെന്നും അതനുസരിച്ചുള്ള വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടുന്നുവെന്നും ഉറപ്പാക്കാന്‍ മെത്രാന്മാര്‍ക്കും വികാരിമാര്‍ക്കുമുള്ള കടമയെയും ഡിക്രി പരാമര്‍ശിക്കുന്നുണ്ട്.

ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെ ഡിക്കാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ യു ഹെവുങ് സിക്, സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് അന്ത്രെസ് ഗബ്രിയേല്‍ ഫെറാദ മൊറെയ്‌റ എന്നിവര്‍ ഒപ്പിട്ട് പ്രസിദ്ധീകരിച്ച പുതിയ ഡിക്രി ഏപ്രില്‍ 20 ഈസ്റ്റര്‍ ദിനത്തില്‍ പ്രാബല്യത്തില്‍ വരും.

 

Tags

Share this story

From Around the Web