ഉക്രൈനില്‍ സമാധാനം സ്ഥാപിക്കപ്പെടാനായി അസ്സീസ്സിയില്‍ വിശുദ്ധബലിയര്‍പ്പണം

 
ukraine 1


റഷ്യ-ഉക്രൈന്‍ യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ഉക്രൈനില്‍ സമാധാനം സ്ഥാപിക്കപ്പെടാനായി, വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ബസലിക്കയില്‍ വിശുദ്ധ ബലിയര്‍പ്പണം. 

ബുധനാഴ്ച നടന്ന വിശുദ്ധ ബലിയര്‍പ്പണത്തില്‍, ഇറ്റലി മെത്രാന്‍സമിതി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മത്തെയോ സൂപ്പി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പരിശുദ്ധ സിംഹാസനത്തിലെക്കുള്ള ഉക്രൈന്‍ അംബാസഡര്‍ അന്ത്രീ യൂറാഷ് ഉള്‍പ്പെടെയുള്ളവര്‍ വിശുദ്ധ ബലിയര്‍പ്പണത്തില്‍ സംബന്ധിച്ചു.

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ മരണത്തിന്റെ എണ്ണൂറാം വര്‍ഷവുമായി ബന്ധപ്പെട്ട്, അസ്സീസിയില്‍ അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ പരസ്യവണക്കത്തിനായി തുറന്നു കൊടുത്തിരിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തില്‍, വത്തിക്കാനിലേക്കുള്ള ഉക്രൈന്‍ എംബസ്സിയാണ്, ഇത്തരമൊരു സമാധാനപ്രാര്‍ത്ഥനായജ്ഞം നടത്തുന്നതിന് മുന്‍കൈയെടുത്തത്.

 ഉക്രൈനില്‍നിന്നുള്ള വൈദികരുള്‍പ്പെടെ എഴുപത് തീര്‍ത്ഥാടകരും വിശുദ്ധ ബലിയില്‍ സംബന്ധിച്ചതായി, മാര്‍ച്ച് പതിനൊന്നിന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ ബസലിക്ക വൃത്തങ്ങള്‍ അറിയിച്ചു.

ലോകം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, പ്രത്യാശയുടെ അവസാനിക്കാത്ത ഉറവയാണ് വിശുദ്ധ ഫ്രാന്‍സിസില്‍ ആളുകള്‍ കാണുന്നതെന്ന് കര്‍ദ്ദിനാള്‍ സൂപ്പി പ്രസ്താവിച്ചു. 

ആധികാരികമായ ക്രൈസ്തവികതയുടെ കണ്ണുകളോടെ യാഥാര്‍ത്ഥ്യങ്ങളെ നോക്കിക്കാണാനാണ് വിശുദ്ധന്‍ നമ്മെ സഹായിക്കുന്നതെന്നും, പരസ്പരം സഹോദരങ്ങളായിക്കണ്ട് അനുദിനം ജീവിക്കാനാണ് അദ്ദേഹം നമ്മെ ക്ഷണിക്കുന്നതെന്നും ബൊളോഞ്ഞ അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ ഫ്രാന്‍സിസിന്റെ അദ്ധ്യാത്മികസഹായത്തോടെ ദൈവവുമായി നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്ന് സംസാരിക്കാനാകുക എന്നത് വിലമതിക്കാനാകാത്ത ഒരു കൃപയാണെന്നും, മുഴുവന്‍ മാനവികതയ്ക്കുമുള്ള ഐക്യത്തിന്റെയും ദൈവികമായ സ്‌നേഹത്തിന്റെയും സാക്ഷ്യമാണ് അസ്സീസ്സി നല്‍കുന്നതെന്നും ഉക്രൈന്‍ അംബാസഡര്‍ അന്ത്രീ യൂറാഷ് പ്രസ്താവിച്ചു.

ഉക്രൈനില്‍ മാത്രമല്ല, സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന എല്ലായിടങ്ങളിലും സമാധാനം സ്ഥാപിക്കപ്പെടുന്നതിന് വിശുദ്ധ ഫ്രാന്‍സിസിന്റെ സഹായം അഭ്യര്‍ത്ഥിച്ചാണ്, ഇത്തരമൊരു വിശുദ്ധ ബലിയര്‍പ്പണം നടന്നതെന്നും, മുഴുവന്‍ മാനവികതയെയും കര്‍ത്താവിന്റെ കരങ്ങളില്‍ സമര്‍പ്പിക്കാമെന്നും ആശ്രമത്തിന്റെ കസ്റ്റോഡിയനും ഫ്രാന്‍സിസ്‌കന്‍ കണ്‍വെഞ്ച്വല്‍ വൈദികനുമായ അഭി. മാര്‍ക്കോ മൊറോണി പറഞ്ഞു.
 

Tags

Share this story

From Around the Web