ക്രിസ്തുവിന്റെ പീഡാനുഭവസ്മരണയുണര്‍ത്തുന്ന വെറോനിക്കയുടെ തൂവാല പ്രദര്‍ശിപ്പിക്കാനൊരുങ്ങി വിശുദ്ധ പത്രോസിന്റെ ബസലിക്ക
ക്രിസ്തുവിന്റെ തിരുമുഖം പതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന, വെറോനിക്കയുടെ തൂവാല പ്രദര്‍ശിപ്പിക്കാനൊരുങ്ങി വിശുദ്ധ പത്രോസിന്റെ ബസലിക്ക. എല്ലാ വര്‍ഷത്തെയും പതിവ് പോലെ വലിയനോമ്പിന്റെ അഞ്ചാം ഞായറാഴ്ചയായിരിക്കും ഭക്തിനിര്‍ഭരമായ ഈ ചടങ്ങ് നടക്കുക.
ഇതനുസരിച്ച്, മാര്‍ച്ച് 22 ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക്, ആര്‍ച്ച് പ്രീസ്‌റ് കര്‍ദ്ദിനാള്‍ മൗറോ ഗമ്പെത്തിയുടെ കൂടി സാന്നിദ്ധ്യത്തില്‍ ഈ ചടങ്ങുകള്‍ നടക്കും.
റോമിലെ പുരാതന പാരമ്പര്യമനുസരിച്ച് വിശ്വാസികളും തീര്‍ത്ഥാടകരും, നോമ്പിന്റെ നാല്‍പ്പത് ദിവസങ്ങളില്‍ നഗരത്തിലെ വിവിധ ദേവാലയങ്ങളില്‍ രക്തസാക്ഷികളുടെയും വിശുദ്ധരുടെയും തിരുശേഷിപ്പുകള്‍ വണങ്ങാനായി എത്തുന്നത് പതിവാണ്.
ഇതിന്റെ ഭാഗമായാണ്, ക്രിസ്തുവിന്റെ പീഡാനുഭവസ്മരണകള്‍ ഉയര്‍ത്തുന്ന ഈ സുപ്രധാന തിരുശേഷിപ്പ് പ്രദര്‍ശിപ്പിക്കപ്പെടുക.
ബസലിക്കയില്‍ പ്രധാന അള്‍ത്താരയ്ക്കടുത്തുള്ള, 'വെറോനിക്കയുടെ മട്ടുപ്പാവ്'' എന്നയിടത്തുനിന്ന് ഈ തിരുശേഷിപ്പ് ഭക്തര്‍ക്ക് കാണിച്ചുകൊടുക്കുന്ന ചടങ്ങുകള്‍ക്ക് ശേഷം, കര്‍ദ്ദിനാള്‍ ഗമ്പെത്തിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ ബലിയര്‍പ്പണമുണ്ടായിരിക്കുമെന്ന്, കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ബസലിക്ക വൃത്തങ്ങള്‍ അറിയിച്ചു.
വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ കാനന്‍മാര്‍ ഉള്‍പ്പെടെ നിരവധി വൈദികരും മറ്റു വിശ്വാസികളും ചടങ്ങുകളില്‍ പങ്കെടുക്കും. നോമ്പിന്റെയും പെസഹായുടെയും പശ്ചാത്തലത്തില്‍ ക്രിസ്തുവിന്റെ പീഡാനുഭവത്തെക്കുറിച്ച് ധ്യാനിക്കാനും, കഷ്ടപ്പെടുന്നവരില്‍ അവന്റെ മുഖം തിരിച്ചറിയാനും വിശ്വാസികളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഈ തിരുശേഷിപ്പ് പ്രതിവര്‍ഷം വിശ്വാസികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുക.