പെറുവില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന പുരാതന കത്തോലിക്കാ ദേവാലയത്തില്‍ നിന്ന് വിശുദ്ധ രൂപങ്ങള്‍ വീണ്ടെടുത്തു
ലിമ: പെറുവിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ഭാഗികമായി തകര്‍ന്ന പുരാതന കത്തോലിക്കാ ദേവാലയത്തില്‍ നിന്ന് നാല്‍പ്പതോളം വിശുദ്ധ രൂപങ്ങളും ചിത്രങ്ങളും സുരക്ഷിതമായി വീണ്ടെടുത്തു. യാലി പ്രവിശ്യയിലെ ചരിത്രപ്രസിദ്ധമായ സാന്തിയാഗോ ലിയോൺ ഡി ചോങ്കോസ് ബാജോ ദേവാലയത്തിലാണ് ഈ രക്ഷാപ്രവര്‍ത്തനം നടന്നത്.
മേഖലയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയത്തിന്റെ മേല്‍ക്കൂരയും ചുവരുകളും തകര്‍ന്നു വീണിരുന്നു. തുടര്‍ന്ന് സാംസ്കാരിക മന്ത്രാലയത്തിന്റെയും പ്രാദേശിക സഭാ അധികൃതരുടെയും നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് തകര്‍ന്നവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഈ വിലപ്പെട്ട തിരുശേഷിപ്പുകളും വിശുദ്ധ രൂപങ്ങളും സുരക്ഷിതമായി പുറത്തെടുത്തത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരത്തിലും കാൻവാസിലും തീര്‍ത്ത സാന്തിയാഗോ അപ്പോസ്തോലന്റെയും മറ്റ് വിശുദ്ധരുടെയും നാല്‍പ്പതോളം തിരുസ്വരൂപങ്ങളും പെയിന്റിംഗുകളുമാണ് ഇങ്ങനെ വീണ്ടെടുക്കാനായത്. കണ്ടെടുത്ത തിരുസ്വരൂപങ്ങള്‍ വിദഗ്ദ്ധ പരിശോധനകള്‍ക്കും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ ദേവാലയത്തിന്റെ തകരാത്ത ഭാഗങ്ങള്‍ ബലപ്പെടുത്താനുള്ള നടപടികളും അധികാരികള്‍ ആരംഭിച്ചിട്ടുണ്ട്.
പെറുവിലെ കതാരോ മേഖലയിലെ ഏറ്റവും പ്രശസ്തവും കൊളോണിയൽ കാലഘട്ടത്തിലെ വാസ്തുവിദ്യാ മികവ് വിളിച്ചോതുന്നതുമായ ദൈവാലയങ്ങളിലൊന്നാണിത്. തകര്‍ന്നു വീണ ദൈവാലയം പുനര്‍നിര്‍മ്മിക്കുന്നതിനൊപ്പം പ്രദേശവാസികളുടെ വിശ്വാസവും സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ വിശുദ്ധ വസ്തുക്കള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞത് വലിയ ആശ്വാസമാണെന്ന് പ്രാദേശിക സഭാ നേതൃത്വം വ്യക്തമാക്കി.