കാരുണ്യപ്രവൃത്തികള്‍ക്ക് ഊര്‍ജ്ജം സംഭരിക്കേണ്ടത് വിശുദ്ധ കുര്‍ബാനയില്‍ നിന്നുമാകണം: പാപ്പാ
വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അധ്യായം, 41 മുതല്‍ 45 വരെയുള്ള തിരുവചനങ്ങളെ ആധാരമാക്കി, ഒരു വിശ്വാസിക്കും നിസ്സാരമായി കാണാന്‍ കഴിയാത്ത ഒരു മുന്നറിയിപ്പാണ്, അന്ത്യവിധിയെക്കുറിച്ചുള്ള ഈ വചന ഭാഗം നല്‍കുന്നതെന്ന് പാപ്പാ, സന്ദേശത്തിന്റെ ആമുഖമായി പറഞ്ഞു.
മുറിയപ്പെട്ട നിരവധി ജീവനുകളുടെ ചരിത്രം ഉറങ്ങുന്ന ഈ സമുദ്രതീരത്ത്, ഈ വചന ഭാഗം, യാഥാര്‍ഥ്യമാകുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. വെറും കാഴ്ചക്കാരെന്ന നിലയില്‍ നിന്നും നമ്മെ മാറ്റിക്കൊണ്ട്, അഭയാര്‍ത്ഥിയായി കടന്നു വരുന്ന ഓരോരുത്തര്‍ക്കും സാഹോദര്യത്തിന്റെ ഊഷ്മളത പകരുവാന്‍ ഈ വചന ഭാഗം നമ്മെ ക്ഷണിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
ഭയം, വിശപ്പ്, അക്രമം എന്നിവയാല്‍ അടയാളപ്പെടുത്തപ്പെട്ട മരുഭൂമിയിലൂടെയും, കടലിലൂടെയും, ഇരുണ്ട രാത്രികളിലൂടെയും കടന്നുവരുന്ന അഭയാര്‍ത്ഥികളില്‍ ക്രിസ്തുവിനെ തിരിച്ചറിയുവാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? എന്ന് ആത്മശോധന ചെയ്യുവാന്‍ ഈ വചന ഭാഗം നമ്മെ ക്ഷണിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.
തുടര്‍ന്ന് തന്റെ പത്രോസിനടുത്ത ശുശ്രൂഷയില്‍ സ്വീകരിച്ച, മോതിരം, മുക്കുവന്റെ മോതിരം എന്നാണ് അറിയപ്പെടുന്നതെന്നു പരാമര്‍ശിച്ച പാപ്പാ, ഈ സമയം മുതല്‍ നിങ്ങള്‍ മനുഷ്യരെ പിടിക്കുന്നവരായിരിക്കും എന്ന യേശുവിന്റെ വചനമാണ്, സഭയുടെ ദൗത്യമെന്നതും ഓര്‍മ്മിപ്പിച്ചു.
എന്നാല്‍ അഭയാര്‍ത്ഥികള്‍ എത്തിച്ചേരുന്ന ഇത്തരം ഇടങ്ങളില്‍, ഈ സത്യം ഏറെ വേദനാജനകമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
സമുദ്രത്തില്‍ ജീവനറ്റ മൃതശരീരങ്ങള്‍ കണ്ടെടുക്കുന്നതും, എല്ലാം നഷ്ടപ്പെട്ട് കരയിലേക്ക് കടന്നുവരുന്ന ആയിരക്കണക്കിന് ആളുകളും നൊമ്പരക്കാഴ്ച്ചകള്‍ ആണെന്നതും പാപ്പാ ചൂണ്ടിക്കാട്ടി.
ഈ യാഥാര്‍ഥ്യങ്ങള്‍ക്കു മുന്‍പില്‍, പത്രോസിന്റെ പിന്‍ഗാമിക്ക് നിഷ്‌ക്രിയനായി ഇരിക്കുക സാധ്യമല്ലെന്നതും പാപ്പാ അടിവരയിട്ടു.
വിശപ്പ്, ദാഹം, അക്രമം, ഭയം, പ്രവാസം എന്നിവ മനുഷ്യന്റെ അന്തസ്സിനെ മുറിവേല്‍പ്പിക്കുന്ന ഇടങ്ങളെ സഭയ്ക്ക് അവഗണിക്കാന്‍ കഴിയില്ലയെന്നും, മനുഷ്യന്റെ നിലവിളികള്‍ക്ക് നേരെ മുഖം മറയ്ക്കുവാന്‍ യേശുവിന്റെ ശിഷ്യന്മാര്‍ക്ക് സാധിക്കുകയില്ലെന്നും പാപ്പാ പറഞ്ഞു.
തുടര്‍ന്ന് സമുദ്രത്തെക്കുറിച്ചുള്ള ബൈബിള്‍ പ്രതീകങ്ങളെയും പാപ്പാ ചൂണ്ടിക്കാണിച്ചു. വെല്ലുവിളികളുടെയും, അന്ധകാരത്തിന്റെയും, ക്രമം ഇല്ലായ്മയുടേയുമൊക്കെ പ്രതീകമായിട്ടാണ് വചനം, കടലിനെ ചൂണ്ടിക്കാട്ടുന്നതെങ്കില്‍, ഇന്നും ഇത്തരം ഭീകരമായ അവസ്ഥകള്‍ കടലിനെ ചുറ്റിപ്പറ്റി ഉണ്ടെന്നത് സത്യമാണെന്നും പറഞ്ഞ പാപ്പാ, നിരാശയിലേക്ക് മനുഷ്യനെ തള്ളിവിടുന്ന മാഫിയ സംഘങ്ങളെ പ്രത്യേകം പരാമര്‍ശിച്ചു.
എന്നാല്‍ കടലിന്റെ ശക്തിക്കു മുന്‍പിലും, വിശ്വാസം ക്ഷയിക്കുകയില്ല എന്ന ഉറപ്പ് പാപ്പാ ഏവര്‍ക്കും നല്‍കി. അരാജകത്വത്തെ കീഴടക്കുകയും തിന്മയ്ക്ക് പരിധി നിശ്ചയിക്കുകയും, മരണത്തിനുമപ്പുറം ഒരു വഴി നമുക്കായി തുറക്കുകയും ചെയ്യുന്ന ഒരു ദൈവത്തിലാണ് നാം വിശ്വസിക്കുന്നതെന്നും പാപ്പാ പറഞ്ഞു.
പഴയനിയമത്തില്‍ ഇസ്രായേല്‍ ജനതയെ ചെങ്കടല്‍ കടത്തി രക്ഷിച്ചതും, പുതിയ നിയമത്തില്‍ യേശു കടലിനെ ശാന്തമാക്കിയതും ഉദ്ധരിച്ച പാപ്പാ, യേശുവിന്റെ വാക്കുകള്‍, ഇന്നും നമ്മുടെ സഹോദരങ്ങളെ, അടിമകളാക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന ശക്തികള്‍ക്കെതിരെ മുഴങ്ങുന്നുവെന്നും, സഭയ്ക്ക്, അവരുടെ നിലവിളികള്‍ക്ക് മുന്‍പില്‍ നിശബ്ദമായിരിക്കുക സാധ്യമല്ലെന്നും പറഞ്ഞു.
അഭയാര്‍ത്ഥികളെ രക്ഷിക്കുക എന്നാല്‍, അവരെ സ്വന്തം കുടുംബത്തിന്റെ ഭാഗമായി കാണുക എന്നതാണെന്നും, നമ്മുടെ ചെറിയ പ്രവര്‍ത്തനങ്ങള്‍, എല്ലാം പരിഹരിക്കുന്നതല്ല, മറിച്ച്, എല്ലാം ദൈവത്തിന്റെ കൈകളില്‍ ഏല്‍പ്പിക്കുന്നതിന്റെയും മനുഷ്യന്‍ കഷ്ടപ്പെടുന്നിടത്ത് സന്നിഹിതനായിരിക്കുന്നതിന്റെയും മൂര്‍ത്തമായ അടയാളമാണെന്നും പാപ്പാ പറഞ്ഞു.
ഓരോ മനുഷ്യ ജീവിതവും ദൈവത്തില്‍നിന്നുള്ള അനുഗ്രഹമാണെന്ന് അഭയാര്‍ഥികളുടെ സാക്ഷ്യം നമ്മെ പഠിപ്പിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങളെ പരാര്‍ശിച്ച പാപ്പാ, മറ്റുള്ളവര്‍ നിങ്ങളുടെ ശരീരത്തിന് വില നല്‍കിയിട്ടുണ്ടെങ്കില്‍, ദൈവം നിങ്ങളെ വിലമതിക്കാനാവാത്ത ഒരു വ്യക്തിയായിട്ടാണ് എപ്പോഴും കാണുന്നതെന്ന് എടുത്തു പറഞ്ഞു.
വേദനയുടെ ഭൂതകാലത്തില്‍ തളച്ചിടപ്പെടാതെ, ദൈവം ഭാവിയുടെ ഒരു വാഗ്ദാനം ഒരുക്കുന്നത് സ്വീകരിക്കുവാനും പാപ്പാ ആഹ്വാനം ചെയ്തു.
'നിങ്ങളെ പലരും ഒരു വസ്തുവായി കണക്കാക്കിയിട്ടുണ്ടെങ്കില്‍, സഭ ഇന്ന് നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു:
നിങ്ങള്‍ ഒരു മകളാണ്, നിങ്ങള്‍ ഒരു സഹോദരിയാണ്, നിങ്ങള്‍ ഒരു അനുഗ്രഹമാണ്', പാപ്പാ പറഞ്ഞു.
വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നവരുടെ വാക്കുകളെ വിശ്വസിക്കരുത് എന്ന മുന്നറിയിപ്പ്, അഭയാര്‍ത്ഥികളായവര്‍ക്ക് നല്‍കിയ പാപ്പാ, ദുര്‍ബലരെ ക്രിമിനല്‍ ശൃംഖലകളുടെ കൈകളില്‍ വിട്ടുകൊടുക്കാതിരിക്കാനും സംരക്ഷിക്കാനും ഉത്തരവാദിത്വപ്പെട്ടവരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള ശക്തി വിശുദ്ധ കുര്‍ബാനയില്‍ നിന്നുമാണെന്നും പാപ്പാ എടുത്തു പറഞ്ഞു.
ജീവന്‍ തേടാന്‍ ഇത്രയധികം സഹോദരീസഹോദരന്മാര്‍ മരണം പണയപ്പെടുത്തേണ്ടി വന്നാല്‍ നാം ഏതുതരം ലോകമാണ് നിര്‍മ്മിച്ചിരിക്കുന്നത്? എന്ന ചോദ്യമാണ്, ഓരോ അഭയാര്‍ത്ഥിയുടെയും വരവ് നമ്മോട് ഉന്നയിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
വിശപ്പില്ലാതെ യുദ്ധമില്ലാതെ, പീഡനങ്ങളില്ലാതെ, അക്രമമില്ലാതെ സ്വന്തം വീട്ടില്‍ താമസിക്കാനുള്ള അവകാശം സംജാതമാകട്ടെയെന്ന ആശംസയും പാപ്പാ നല്‍കി.
നിസ്സംഗത ഒഴിവാക്കിക്കൊണ്ട്, മാനവകുലത്തിന്റെ സംരക്ഷണത്തിനായി യത്‌നിക്കുവാനുള്ള ഏവരുടെയും കടമയും പാപ്പാ ചൂണ്ടിക്കാട്ടി.