വിശുദ്ധ കുർബാന നമ്മെ പ്രത്യാശയുടെ അടയാളങ്ങളാക്കുന്നു: പാപ്പാ

 
Kurbana

ലത്തീൻ സഭയിൽ, വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിക്കുന്ന ഞായർ എന്ന നിലയിൽ, വിശുദ്ധ കുർബാനയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതായിരുന്നു, പരിശുദ്ധ പിതാവ് നൽകിയ സുവിശേഷ സന്ദേശം.  ഈ വിശുദ്ധ കുർബാന അർപ്പിക്കുന്നതിൽ തനിക്കുള്ള അതിയായ സന്തോഷവും പാപ്പാ പങ്കുവച്ചു. നമ്മെ പിതാവിന്റെ കൂട്ടായ്മയിൽ  ഒന്നിപ്പിക്കുവാനും,  അവിടുത്തെ മക്കളാക്കാനും  മരണത്തെക്കാൾ  ശക്തമായ സ്നേഹത്താൽ, സ്വർഗ്ഗത്തിൽ  നിന്നു ഇറങ്ങിവന്ന ജീവനുള്ള അപ്പം പോലെ, ദൈവീക ജീവൻ കൊണ്ട് അവിടുന്ന് ഏവരെയും പരിപോഷിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. ദൈവത്തോടുള്ള സ്നേഹവും വിശ്വസ്തതയും പുതുക്കുന്നതിനായി വിശ്വാസത്തിന്റെ വേരുകളിലേക്കുള്ള മടങ്ങിവരവാണ്, സ്പെയിനിൽ ഈ വിശുദ്ധ കുർബാനയുടെ ആഘോഷം എന്ന സത്യവും  പാപ്പാ അടിവരയിട്ടു പറഞ്ഞു.

എന്നാൽ ഈ ആഘോഷം കേവലം ഒരു ബാഹ്യ ആവിഷ്കാരത്തിന്റെയോ, പാരമ്പര്യത്തിന്റെയോ, ലളിതമായ സൗന്ദര്യാത്മക അലങ്കാരത്തിന്റെയോ ഒരു കാര്യം അല്ല എന്നും, മറിച്ച്, ഇപ്പോഴും സജീവം ആയതും, നമുക്കിടയിലൂടെ കടന്നുപോകുന്നതുമായ ഉയിർത്തെഴുന്നേറ്റ കർത്താവിന്റെ സാന്നിധ്യത്തിലുള്ള  വിശ്വാസത്തിന്റെ ആഘോഷമാണെന്നു പാപ്പാ ചൂണ്ടിക്കാട്ടി.  ക്രിസ്തു സ്വയം ഭക്ഷണമായി നൽകുകയാണെങ്കിൽ, ആ ക്രിസ്തുവിനെ ആലയത്തിനുള്ളിൽ മാത്രല്ല, ഏവരുടെയും സമീപത്തേക്ക് കൊണ്ടുപോകുവാൻ ബാധ്യസ്ഥരാണെന്നും പാപ്പാ പറഞ്ഞു. ദുർബലർക്ക് ആശ്വാസവും, കുടുംബങ്ങൾക്ക് വെളിച്ചവും, ഏറ്റവും ദുർബലരായവർക്കുള്ള പ്രത്യാശയും, കഷ്ടപ്പെടുന്നവർക്ക് സമാധാനവും നൽകുന്നതാണ് വിശുദ്ധ കുർബാനയെന്നും പാപ്പാ കൂട്ടിച്ചേർത്തു. സ്‌പെയിനിൽ, വർഷങ്ങളായി, വിശുദ്ധ കുർബാനയുടെ ഈ ദിനം, കാരുണ്യപ്രവർത്തനങ്ങളുടെ ദിനമായി ആഘോഷിക്കുന്നതും പാപ്പാ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

വിശുദ്ധ കുർബാനയുടെ പ്രദക്ഷിണം, നമ്മുടെ വ്യക്തിജീവിതത്തിലേക്ക്, നമ്മുടെ ബന്ധങ്ങളിലേക്ക്, സമൂഹത്തോട്, ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ക്ഷണമായി മാറുന്നുവെന്നും, അതിനാൽ ഈ യാത്രയിൽ കർത്താവ് നമുക്ക് ആരാണ് എന്നുള്ളത് ഒരിക്കലും മറന്നു പോകരുതെന്നും പാപ്പാ എടുത്തുപറഞ്ഞു. നൂറ്റാണ്ടുകളായി ഈ രാജ്യത്തെ സജീവമാക്കിയ മതത്തെക്കുറിച്ചുള്ള അവബോധം ഒരു മ്യൂസിയമായി മാറാതെ, ഇന്നും ഏവരെയും ആകർഷിക്കാനുള്ള ഒരു വിശ്വാസ വിദ്യാലയമായിരിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. ദൈവത്തിന്റെയും അയൽക്കാരുടെയും മുമ്പിൽ  മുട്ടുകുത്താൻ  നമ്മെ പഠിപ്പിക്കുന്ന ഒരു വിദ്യാലയമായി അത് മാറട്ടെയെന്നും പാപ്പാ കൂട്ടിച്ചേർത്തു. ആർക്കും കർത്താവിന്റെ  മുമ്പാകെ മുട്ടുകുത്തിയിട്ട് തന്റെ സഹോദരനെ പുച്ഛിക്കാൻ  കഴിയില്ലയെന്നും, അതിനാൽ സ്വാർത്ഥതയുടെ ചങ്ങലകൾ തകർത്തു എറിയണമെന്നും പാപ്പാ വചന സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു.

സ്പാനിഷ് മെത്രാനായിരുന്ന വിശുദ്ധ മാനുവൽ ഗോൺസാലസിനെയും പാപ്പാ അനുസ്മരിച്ചു. തടവറയുടെ രാത്രിയിൽ നിന്ന് കർത്താവിന്റെ മറഞ്ഞിരിക്കുന്ന സാന്നിധ്യം തിരിച്ചറിഞ്ഞ ഒരു മഹദ് വ്യക്തിയായിരുന്നു കുരിശിലെ വിശുദ്ധ യോഹന്നാൻ എന്നതും പാപ്പാ എടുത്തുപറഞ്ഞു.

അതിനാൽ വിശുദ്ധ കുർബാനയുടെ സ്നേഹത്തിലേക്ക് മടങ്ങുവാൻ പാപ്പാ ഏവരെയും ക്ഷണിച്ചു. സ്വകാര്യ ഭക്തിയിൽ നമ്മെ തന്നെ ചുരുക്കാതെ, നമ്മുടെ സഹോദരീസഹോദരന്മാർ, കുടുംബങ്ങൾ, ദരിദ്രർ, കഷ്ടപ്പെടുന്നവർ, പ്രതീക്ഷ നഷ്ടപ്പെട്ടവർ എന്നിവർക്ക് സേവനം ചെയ്യുവാൻ വിശുദ്ധ കുർബാന നമുക്ക് ശക്തി പകരട്ടെയെന്നും പാപ്പാ ആശംസിച്ചു. വിശുദ്ധ കുർബാനയുടെ പരിവർത്തന ശക്തി, നമ്മെ, ചരിത്രത്തിന്റെ മാറ്റത്തിന്റെ  നായകന്മാരും നാം കണ്ടുമുട്ടുന്നവർക്ക് പ്രത്യാശയുടെ അടയാളവുമാക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

Tags

Share this story

From Around the Web