എച്ച്‌ഐവി പ്രതിരോധ ഫണ്ട് കുറയുന്നു: ലോകം വീണ്ടും ഭീഷണിയിൽ

 
aids

ലോകമെമ്പാടുമുള്ള എച്ച്‌ഐവി പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം കുത്തനെ കുറഞ്ഞതോടെ രോഗവ്യാപനം വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ധനസഹായത്തിലുണ്ടായ വലിയ കുറവാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. അതേസമയം, രാജ്യാന്തരതലത്തിൽ കൃത്യമായ പിന്തുണ തിരികെ ലഭിച്ചില്ലെങ്കിൽ വർഷങ്ങളായി കൈവരിച്ച പുരോഗതി ഇല്ലാതാകുമെന്ന് യുഎൻ എയ്ഡ്സ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ലഭിച്ചിരുന്ന സഹായം നിലച്ചതാണ് പ്രതിരോധ മേഖലയ്ക്ക് തിരിച്ചടിയായത്. സഹായം കുറഞ്ഞതോടെ രോഗപരിശോധനകളും ബോധവൽക്കരണ പരിപാടികളും പല രാജ്യങ്ങളിലും തടസ്സപ്പെട്ടു. ദരിദ്രരാജ്യങ്ങളിൽ പ്രതിരോധ മരുന്നുകൾ ലഭിക്കാത്ത സ്ഥിതി ഉണ്ടാകുന്നത് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർത്താൻ ഇടയാക്കും.

2030-ഓടെ എയ്ഡ്സ് പൂർണ്ണമായി നിർമ്മാർജനം ചെയ്യുക എന്ന ലക്ഷ്യത്തിന് ഈ സാമ്പത്തിക പ്രതിസന്ധി വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 1.2 മില്യൺ ആളുകൾക്കാണ് ലോകത്തിൽ എച്ച്‌ഐവി ബാധിച്ചത്. ലോകരാജ്യങ്ങൾ ഒന്നിച്ചുനിന്ന് സാമ്പത്തിക സഹായം നൽകിയാൽ മാത്രമേ ഈ രോഗത്തെ പൂർണ്ണമായി തടയാൻ സാധിക്കൂ എന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

Tags

Share this story

From Around the Web