ചരിത്ര ദൗത്യം; ആരോഗ്യപ്രശ്നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 ഡ്രാഗണ്‍ പേടകം ഭൂമിയിലിറങ്ങി
കാലിഫോര്‍ണിയ: ക്രൂ-11 ഡ്രാഗണ്‍ പേടകം ഭൂമിയിലിറങ്ങി. ഇന്നുച്ചയ്ക്ക് ഇന്ത്യന്‍ സമയം 2:12-ഓടെയാണ് ക്രൂ-11 സംഘവുമായി സ്‌പേസ്എക്സിന്റെ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകം കാലിഫോര്‍ണിയ തീരത്ത് സ്പ്ലാഷ്ഡൗണ്‍ ചെയ്തത്.
ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയടക്കമുള്ള നാലംഗ സംഘവുമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് യാത്രതിരിച്ച നാസയുടെ ക്രൂ-11 ദൗത്യ സംഘം ഭൂമിയിലിറങ്ങിയത്.
ഓസ്ട്രേലിയക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു പേടകത്തിന്റെ അണ്‍ഡോക്കിങ് പ്രക്രിയ പൂര്‍ത്തിയായത്. പത്തര മണിക്കൂറിലേറെയാണ് ഭൂമിയിലേക്കുള്ള യാത്രയുടെ സമയം.
പ്രത്യേക ബോട്ടുപയോഗിച്ച് ഡ്രാഗണ്‍ എന്‍ഡവര്‍ പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി കരയിലെത്തിക്കും. നാല് ബഹിരാകാശ സഞ്ചാരികളെയും വിശദമായ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയരാക്കും.
നാല് അംഗങ്ങളാണ് സംഘത്തിലുള്ളത്. ഇതില്‍ ഒരാള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതോടെയാണ് ചരിത്രത്തില്‍ ആദ്യമായി മെഡിക്കല്‍ ഇവാക്യൂവേഷന്‍ നടത്തുന്നത്. എന്നാല്‍ സ്വകാര്യത മാനിച്ച് ക്രൂവിലെ ആര്‍ക്കാണ് ആരോഗ്യ പ്രശ്നമുള്ളതെന്നും രോഗം എന്താണെന്നും നാസ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
നാസയുടെ ബഹിരാകാശ സഞ്ചാരികളായ സീന കാര്‍ഡ്മന്‍, മൈക്ക് ഫിന്‍കെ, ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സിയുടെ ബഹിരാകാശ സഞ്ചാരിയായ കിമിയ യൂയി, റഷ്യയുടെ ഒലേഗ് പ്ലാറ്റെനോവ് എന്നിവരാണ് സംഘത്തിലുള്ളത്.
സീന കാര്‍ഡ്മന്‍, ഒലേഗ് പ്ലാറ്റെനോവ് എന്നിവരുടെ ആദ്യ ബഹിരാകാശയാത്ര ആയിരുന്നു ഇത്. ഫിന്‍കെയുടെ നാലാം സ്പേസ് മിഷനും യൂയിയുടെ രണ്ടാമത്തെതുമാണിത്.
ദൗത്യം പൂര്‍ത്തിയാക്കി അടുത്ത മാസം തിരിച്ചുവരേണ്ടിയിരുന്ന സംഘത്തെ ബഹിരാകാശയാത്രികന്റെ ആരോഗ്യ പ്രശ്നം കണക്കിലെടുത്ത് തിരിച്ചെത്തിക്കാന്‍ നാസ തീരുമാനിക്കുകയായിരുന്നു.