സിഡ്‌നിയിലെ സീറോ-മലബാര്‍ വിശ്വാസികള്‍ക്ക് ചരിത്ര നിമിഷം;സ്വന്തമായ ദൈവാലയം എന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്

 
rtyyu



സിഡ്‌നി/ഓസ്‌ട്രേലിയ: സിഡ്‌നിയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് സ്വന്തമായി ഒരു ദൈവാലയം എന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്. 

സൗത്ത്-വെസ്റ്റ് സിഡ്‌നിയിലെ സീറോ-മലബാര്‍ വിശ്വാസികള്‍ക്ക്  ദൈവാലയം നിര്‍മിക്കുന്നതിനായി 'ക്രിസ്തുരാജ സീറോ-മലബാര്‍ കമ്മ്യൂണിറ്റി'യാണ് ഭൂമിയും കെട്ടിടവും വാങ്ങിയത്.

ന്യൂ സൗത്ത് വെയ്ല്‍സിലെ ലോങ് പോയിന്റ്, 63 വില്‍സ് റോഡിലുള്ള വസ്തുവാണ് 3 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന് വാങ്ങിയിരിക്കുന്നത്. സിഡ്‌നി രൂപതയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സീറോ-മലബാര്‍ ദേവാലയം നിര്‍മ്മിക്കുന്നതിനായി സ്വന്തമായി ഭൂമി വാങ്ങുന്നത് എന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്. 


കേവലം ഒരു വസ്തു വാങ്ങല്‍ എന്നതിനപ്പുറത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ സമൂഹത്തിന്റെ പ്രാര്‍ത്ഥനയുടെയും പരിശ്രമത്തിന്റെയും ഒപ്പം ദൈവാനുഗ്രഹത്തിന്റെയും നേര്‍സാക്ഷ്യമാവുകയാണ് ഈ ചരിത്ര നിമിഷം. 

സംഗീതപ്രോഗ്രാമുകള്‍, ഫുഡ് ഫെസ്റ്റിവലുകള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങി നിരവധി ഫണ്ട് ശേഖരണ മാര്‍ഗങ്ങളിലൂടെയും ഇടവകാംഗങ്ങളുടെ സ്വമേധയാ ഉള്ള സംഭാവനകളിലൂടെയും ഒരു മില്യണിലധികം ഡോളര്‍ ഇതിനോടകം ഈ പ്രോജക്ടിനായി സമാഹരിച്ചിട്ടുണ്ട്.

ഭവനത്തിന്റെയും വസ്തുവിന്റെയും ആശീര്‍വാദ കര്‍മ്മം ജൂലൈ 26 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. 

ഫാ. ജെറിന്‍ ജേക്കബ് അരിമ്പൂരാണ് ഇടവക വികാരി. സന്തോഷ സ്‌കറിയ, ഷാജു വര്‍ഗീസ്, ടോം സിറിയക്ക്, ജയിംസ് കാച്ചപ്പള്ളി എന്നിവരാണ് ട്രസ്റ്റിമാര്‍.

സൗത്ത്-വെസ്റ്റ് സിഡ്‌നിയില്‍ അതിവേഗം വളരുന്ന സീറോ-മലബാര്‍ സമൂഹത്തിന്റെ ആത്മീയ മുന്നേറ്റത്തിനും വരുംതലമുറയ്ക്ക് വിശ്വാസത്തില്‍ വളരാനും സഹായകരമായി മാറുന്ന വലിയൊരു കേന്ദ്രമായി ഈ പുതിയ ദേവാലയ സമുച്ചയം മാറുമെന്ന് പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയിലെ വിശ്വാസി സമൂഹം.

Tags

Share this story

From Around the Web