തലയൊഴികെയുള്ള തന്റെ ശരീരഭാഗം മണ്ണിനടിയിലായിരുന്നു. അവിടെ നിന്ന് എഴുന്നേറ്റ് പോയി രണ്ട് പേരെ രക്ഷിച്ചു. തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടി- സൂപ്പർവൈസർ ടി കെ കുഞ്ചു
കള്ളാടി: വയനാട് കള്ളാടിയിൽ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ നിന്നും സൂപ്പർവൈസർ ടി.കെ. കുഞ്ചു അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു സ്ത്രീയെ രക്ഷിക്കാനായി ഓടിയ താൻ മണ്ണിനടിയിലായെങ്കിലും, തല ഭാഗം പുറത്തുണ്ടായിരുന്നതിനാൽ ജീവൻ തിരികെ ലഭിക്കുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചായ കുടിച്ചതിന്റെ പണം നൽകാനായി തിരികെ എത്തിയപ്പോഴാണ് കുഞ്ചു മണ്ണിടിച്ചിലിന് സാക്ഷിയായത്. മണ്ണിനടിയിൽപ്പെട്ട ശേഷം പുറത്തുകടന്ന അദ്ദേഹം രണ്ട് പേരെ കൂടി മരണമുഖത്തുനിന്ന് രക്ഷപ്പെടുത്തി. പദ്ധതിക്കായി കൂട്ടിയിട്ടിരുന്ന മണ്ണല്ല, വനഭാഗത്തുനിന്ന് ഇടിഞ്ഞു വന്ന പുതിയ മണ്ണാണ് അപകടകാരണമെന്നും അദ്ദേഹം വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനങ്ങൾ നേരത്തെ നിർത്തിവെച്ചിരുന്നതിനാൽ കുറച്ചു പേർ മാത്രമേ സൈറ്റിൽ ഉണ്ടായിരുന്നുള്ളൂ.
ചൊവ്വാഴ്ച രാവിലെ 11.30-ഓടെയുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു.അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്; മഴ കുറഞ്ഞാൽ വൈകുന്നേരത്തോടെ തിരച്ചിൽ പൂർത്തിയാക്കാമെന്ന് മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിന്റെ കാരണം അന്വേഷിക്കുന്നതിനൊപ്പം, കേന്ദ്ര സർക്കാർ പാരിസ്ഥിതിക അനുമതിയിൽ നൽകിയ കർശന നിർദ്ദേശങ്ങൾ പാലിച്ചിരുന്നോ എന്നും പരിശോധിക്കാൻ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.