ഒഡീഷയില്‍ കത്തോലിക്ക ദേവാലയം ആക്രമിച്ച് വിശുദ്ധ വസ്തുക്കള്‍ക്കു തീയിട്ട് തീവ്ര ഹിന്ദുത്വവാദികള്‍
റായഗഡ, ഒഡീഷ: ഒഡീഷയിലെ റായഗഡ ജില്ലയിലെ ഡെന്‍ഗസ്വര്‍ഗി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന കത്തോലിക്ക ദേവാലയത്തിന് നേരെ ആക്രമണം. തീവ്രഹിന്ദുത്വവാദികളായ ഗ്രാമവാസികള്‍ നടത്തിയ ആക്രമണത്തിനിടെ ദേവാലയത്തിലെ വിശുദ്ധ വസ്തുക്കള്‍ അശുദ്ധമാക്കുകയും കത്തിക്കുകയും ചെയ്തു.
വൈകുന്നേരം 7 മണിയോടെ ഒരു വലിയ കൂട്ടം ഗോത്ര ഹിന്ദു ഗ്രാമവാസികള്‍ ഒത്തുകൂടി ഗ്രാമത്തില്‍ താമസിക്കുന്ന മൂന്ന് കത്തോലിക്കാ കുടുംബങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്നു റായഗഡയിലെ കത്തീഡ്രല്‍ ഇടവകയിലെ ഇടവക വികാരി ഫാ. അബേദ് കുമാര്‍ പറഞ്ഞു.
ആക്രമിക്കപ്പെടുമെന്ന് ഭയന്ന് കുടുംബങ്ങള്‍ ഭയന്ന് അകത്തു തന്നെ തുടര്‍ന്നു. പുറത്തിറങ്ങാന്‍ വിസമ്മതിച്ചതോടെ, തെരുവില്‍ സ്ഥിതി ചെയ്യുന്ന കത്തോലിക്ക ദേവാലയത്തിനു നേരെ തീവ്രഹിന്ദുത്വവാദികളായ ഗ്രാമീണര്‍ ആക്രമണം അഴിച്ചു വിടുകയായിരിന്നു.
രാത്രി 9 മണിയോടെ, ജനക്കൂട്ടം പള്ളിയുടെ വാതില്‍ തകര്‍ത്ത് കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചു. അവര്‍ ബലിപീഠത്തിനും കുരിശിനും കേടുപാടുകള്‍ വരുത്തി, വൈദികന്റെ തിരുവസ്ത്രങ്ങള്‍, ബൈബിളുകള്‍, എന്നിവയുള്‍പ്പെടെയുള്ള വിശുദ്ധ വസ്തുക്കള്‍ ശേഖരിച്ച് പുറത്തെത്തിച്ച് അഗ്‌നിയ്ക്കിരയാക്കുകയായിരിന്നുവെന്ന് ഫാ. ഖുറ പറഞ്ഞു.
ഡെന്‍ഗാസോര്‍ഗിയിലെ സെന്റ് പോള മൊണ്ടല്‍ ചാപ്പലിലെ മൂന്ന് രൂപങ്ങള്‍, കുരിശ്, ബലിപീഠം, കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന ആരാധനാ വസ്തുക്കള്‍, കസേരകള്‍, കുരിശിന്റെ വഴി ചിത്രങ്ങള്‍, ലൈറ്റുകള്‍, ഫാനുകള്‍ പ്ലംബിംഗ് ഇലക്ട്രിക്കല്‍ ഫിറ്റിംഗുകള്‍, ഫര്‍ണിച്ചറുകള്‍, ബോര്‍വെല്‍ സിസ്റ്റം എന്നിവയുള്‍പ്പെടെ നിരവധി വസ്തുക്കള്‍ ആക്രമണത്തില്‍ നശിച്ചതായി ഇടവക വൃത്തങ്ങള്‍ അറിയിച്ചു.
അക്രമികള്‍ ദേവാലയത്തിന്റെ താഴികക്കുടത്തിനും കേടുപാടുകള്‍ വരുത്തി. ഏകദേശം 1.93 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് കരുതപ്പെടുന്നത്. പോലീസ് അന്വേഷണം തുടരുകയാണ്.