വൈദ്യുതി നിരക്ക് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി ഹിമാചല്‍, യൂണിറ്റിന് 14.50 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള കരാര്‍ നേരത്തെ വലിയ വിവാദമായിരുന്നു.
 

 
kseb

തിരുവനന്തപുരം: ഹിമാചലില്‍ നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വില കുറയ്ക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി രേഖകള്‍. 

യൂണിറ്റിന് 14.50 രൂപ നിരക്കിലുള്ള വൈദ്യുതിയുടെ വില 10 രൂപയില്‍ താഴെയാക്കാനാണ് കെഎസ്ഇബി ശ്രമിച്ചത്. ഇതിനായി ഹിമാചല്‍ സര്‍ക്കാരുമായി നേരിട്ട് ചര്‍ച്ച നടത്തണമെന്ന് കെഎസ്ഇബി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.


ഇതിന്റെ അടിസ്ഥാനത്തില്‍ കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ ഹിമാചല്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ ചര്‍ച്ച നടത്തി. എന്നാല്‍ യൂണിറ്റിന് 12.50 രൂപയായി വില കുറയ്ക്കാന്‍ പോലും ഹിമാചല്‍ സര്‍ക്കാര്‍ തയ്യാറായില്ല. 

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇതിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ ആളുകളുണ്ടെന്നും അതിനാല്‍ വില കുറയ്ക്കാനാകില്ലെന്നുമായിരുന്നു ഹിമാചലിന്റെ നിലപാട്. ഇതോടെ കേരളത്തിന്റെ ഇടപെടല്‍ പരാജയപ്പെട്ടു.


പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കിടെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. യൂണിറ്റിന് 14.50 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള കരാര്‍ നേരത്തെ വലിയ വിവാദമായിരുന്നു. കരാറിലെ ഉയര്‍ന്ന നിരക്കിനെച്ചൊല്ലി പ്രതിപക്ഷം സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കെഎസ്ഇബി ചെയര്‍മാന്‍ രാജമാണിക്യം ഒക്ടോബറില്‍ നല്‍കിയ കുറിപ്പിലാണ് വില കുറയ്ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ടത്. ഹിമാചല്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി നിരക്ക് കുറയ്ക്കാനുള്ള സാധ്യത തേടണമെന്നായിരുന്നു നിര്‍ദേശം.

Tags

Share this story

From Around the Web