ഹിജാബ് വിവാദം: മുസ്ലിം ലീഗിന്റെ സംയമന സിദ്ധാന്തം രാഷ്ട്രീയ കാപട്യമെന്ന് ഐ എന്‍ എല്‍

പള്ളുരുത്തി: സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ അഭിപ്രായം പറയാതിരുന്നത് ഛിദ്രശക്തികള്‍ ഇടപെടുമെന്ന് മനസ്സിലാക്കിയത് കൊണ്ടാണെന്ന മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന തനി രാഷ്ട്രീയ കാപട്യമാണെന്നും കോണ്‍ഗ്രസ് ഈ വിഷയത്തില്‍ സ്വീകരിച്ച പക്ഷപാതപരവും വര്‍ഗീയപരവുമായ സമീപനത്തെ തള്ളിപ്പറയാന്‍ ലീഗിന് ബാധ്യതയുണ്ടെന്നും ഐ. എന്‍. എല്‍.
വിവാദം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണത്തിന് ഉത്തരവിടുകയും തട്ടമിട്ട് തന്നെ പഠനം തുടരാന്‍ വിദ്യാര്‍ത്ഥിനിയെ അനുവദിക്കണമെന്നും ഭരണഘടനയും ചട്ടങ്ങളും അനുസരിച്ച് സ്‌കൂള്‍ അധികൃതരോട് ആജ്ഞാപിച്ച വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ ആര്‍ജ്ജവം നിറഞ്ഞ നിലപാട് കണ്ടില്ലെന്നു നടിക്കുകയും ചെയ്ത ലീഗ് നേതാവ് വിദ്യാര്‍ത്ഥിയെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയ പ്പെട്ടുവെന്ന് ഇപ്പോള്‍ മുതലക്കണ്ണീര്‍ വാര്‍ക്കുന്നത് വിഷയം ഇത്രയും രൂക്ഷതരമാക്കിയ വര്‍ഗീയ ശക്തികളുമായി കൈകോര്‍ത്തതുകൊണ്ടാണ്.
പ്രതികരിക്കേണ്ട സമയത്ത് കാപട്യത്തിന്റെ മൗനത്തില്‍ ഓടിയൊളിച്ച് എല്ലാം കഴിഞ്ഞതിനു ശേഷം തങ്ങള്‍ സംയമനത്തിലാണെന്ന് വിളിച്ചു കൂവുന്നത് കാപട്യം അല്ലാതെ മറ്റെന്താണ്.
പ്രബുദ്ധ കേരളത്തില്‍ പകല്‍ വെളിച്ചത്തില്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ വിദ്യാഭ്യാസ മൗലികാവകാശം പരസ്യമായി പിച്ചിച്ചീന്തുക മാത്രമല്ല നിയമത്തെയും സര്‍ക്കാരിനെയും വെല്ലുവിളിക്കുകയും ചെയ്ത സ്‌കൂള്‍ അധികൃതരുടെ മുന്നില്‍ മൗനം ദീക്ഷിച്ച ന്യൂനക്ഷാവകാശത്തിന്റെ കാവലാളാണെന്ന് വീരസ്യം പറയുന്ന ലീഗ് നേതാവിന് നല്ലത് ആ പാര്‍ട്ടി പിരിച്ചുവിടുകയാണ്.
ഇത്തരം ഒരു ഘടത്തില്‍ മതേതര മൂല്യങ്ങള്‍ മുറുകെ പിടിച്ച് പോരാടുന്നതിന് പകരം ഒളിച്ചുകളി നടത്തുന്നത് മുസ്ലിം ലീഗിനെ പോലുള്ള പാര്‍ട്ടിയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തിയിരുക്കുകയാണ്.
ബാബരി മസ്ജിദ് വിഷയത്തില്‍ അടക്കം വര്‍ഗീയശക്തികളുമായി കൈകോര്‍ത്ത് സ്വന്തം അനുയായികളെ വഞ്ചിച്ച ലീഗിന് ഇനി ഒരിക്കലും തന്നെ മതേതര പക്ഷത്തു നിന്നുകൊണ്ട് സംസാരിക്കാനോ വാദിക്കാനോ സാധിക്കില്ലെന്നാണ് ഹിജാബ് വിവാദവും മുനമ്പം വഖഫ് വിധിയുമെല്ലാം തെളിയിക്കുന്നത്.
ഹിജാബ് വിവാദം മതേതര കേരളം എവിടെ എത്തി നില്‍ക്കുന്നു എന്നും കാസ പോലുള്ള തീവ്ര വര്‍ഗീയ ശക്തികള്‍ കേരളത്തിന്റെ പൊതുമണ്ഡലം എത്രകണ്ട് കീഴടക്കി കഴിഞ്ഞുവെന്നും തെളിയിക്കുന്നുണ്ട്.
ഇത്തരമൊരു ഘട്ടത്തില്‍ ആത്യന്തിക ശക്തികളെ വരുതിയില്‍ നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഒരു തരത്തിലുള്ള വിട്ടു വീഴ്ചയും ഇവരോട് കാണിക്കരുതെന്നും ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു