ഹിജാബ്  വിവാദം. നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിവാദം അവസാനിക്കട്ടെ. തർക്കം വഷളാക്കാനില്ല. പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ലെന്ന് മന്ത്രി

 
Sivankutty

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ  ഹിജാബ്  വിവാദത്തിൽ നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂള്‍ തലത്തില്‍ സമവായം ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞു. 

അങ്ങനെയാണെങ്കില്‍ അത് നല്ലതാണ്. അതോടെ വിവാദം അവസാനിക്കട്ടെ. തർക്കം വഷളാക്കാനില്ല. പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

കുട്ടിയുടെ രക്ഷിതാവ് നിലപാട് മാറ്റിയിട്ടുണ്ട്. ശിരോവസ്ത്രം ഇല്ലാതെ തന്നെ കുട്ടിയെ സ്‌കൂളില്‍ അയക്കാമെന്ന് രക്ഷിതാവ് അറിയിച്ചതായി അറിഞ്ഞു. അതോടെ ആ പ്രശ്‌നം തീര്‍ന്നു. 

ഒരു കുട്ടിയുടെ അവകാശം നിഷേധിക്കാന്‍ എന്തിന്റെ പേരിലായാലും ആര്‍ക്കും അവകാശമില്ല. കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇടപെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് അവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. 

അതിന് അവര്‍ മറുപടി നല്‍കണം. ഭരണഘടന പറയുന്നതനുസരിച്ചും വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കനുസരിച്ചും പ്രവര്‍ത്തിക്കാന്‍ സ്‌കൂള്‍ തയ്യാറാകണം. മന്ത്രി പറഞ്ഞു.

ശിരോവസ്ത്രം ധരിച്ചുവെന്നതിന്റെ പേരില്‍ കുട്ടിയെ പുറത്ത് നിര്‍ത്തുവാനുള്ള തീരുമാനം ചട്ട വിരുദ്ധമാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നല്‍കിയിരുന്നു. 

ഈ പശ്ചാത്തലത്തിലാണ് മാനേജ്‌മെന്റിനോട് വിശദീകരണം തേടിയതെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങളുടെ പേരില്‍ വര്‍ഗീയ വേർതിരിവ് ഉണ്ടാക്കാന്‍ ചില വിഭാഗങ്ങള്‍ ശ്രമിക്കുന്നുണ്ട്. 

ഭരണഘടന വിഭാവനം ചെയ്ത അവകാശങ്ങളും കോടതിവിധികളും മുന്‍നിര്‍ത്തിയാണ് മുന്നോട്ട് പോകേണ്ടത് എന്നാണ് സര്‍ക്കാരിന്റെ നിലപാട്.

നടപടികള്‍ പാലിക്കാതെ മാനേജ്‌മെന്റിന്റെ താല്‍പര്യത്തിന് അനുസൃതമായി നില്‍ക്കുന്ന പിടിഎ ആണ് ഇവിടെ രൂപീകരിച്ചു വരുന്നത്. 

അന്വേഷണത്തോട് നിസ്സഹകരണമാണ് സ്‌കൂളിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

കേരളത്തിൽ അൺ എയ്ഡഡ് സ്ഥാപനങ്ങൾ ആണെങ്കിൽ എൻഒസി പുതുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പാണ്. അതെല്ലാം ആലോചിച്ചു മുന്നോട്ട് പോകണം.

വിഷയം ചിലർ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നു എന്ന് മനസിലായതിനാലാണ് വിഷയം ഇവിടെ അവസാനിപ്പിക്കാം എന്ന് പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Tags

Share this story

From Around the Web