നേപ്പാള്‍ ദുരന്തഭൂമിയിലെ ഹൈടെക് 'രക്ഷാപ്രവര്‍ത്തകര്‍'; മൃതശരീരങ്ങള്‍ വീണ്ടെടുത്ത് വീടുകളിലെത്തിച്ച് ഡ്രോണുകള്‍
കാഠ്മണ്ഡു: പ്രളയത്തില്‍ വഴികളും പാലങ്ങളും നദികളെടുത്തപ്പോള്‍, മനുഷ്യര്‍ക്ക് എത്തിപ്പെടാനാകാത്ത ഇടങ്ങളിലേക്ക് ആകാശം വഴിയൊരുക്കി.
ദുരന്തമേഖലകളില്‍നിന്ന് മൃതശരീരങ്ങള്‍ വീണ്ടെടുത്ത് വീടുകളിലേത്തിക്കുന്ന ദൗത്യം ഡ്രോണുകളേറ്റെടുത്തു. നേപ്പാളിലെ ദുരന്തമുഖത്ത് ജീവിതത്തിനും മരണത്തിനുമിടയിലെ അവസാന കണ്ണിയായി മാറുകയാണ് ഈ ചെറു പറക്കും യന്ത്രങ്ങള്‍.
നുവാകോട്ടിലെ ദേവിഘട്ട്-3ല്‍ നിന്ന് ദേവിഘട്ട്-5ലേക്ക് ഏഴ് മൃതദേഹങ്ങളാണ് ഡ്രോണുകള്‍ വഴി മാറ്റിയത്. നേപ്പാള്‍ പോലീസ്, സൈന്യം, ഡ്രോണ്‍ നിര്‍മാതാക്കളായ ഗാര്‍ഡ്എക്‌സ് എന്നിവരുടെ സംഘമാണ് ദൗത്യം നടത്തിയത്.
ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര സാധനങ്ങള്‍ എത്തിക്കുന്നതിനും ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ആളുകളെ കണ്ടെത്തുന്നതിനും ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. മൂന്നു ദിവസത്തിനിടെ 1.5 ടണ്ണിലധികം അടിയന്തരസാധനങ്ങള്‍ ഡ്രോണുകള്‍ വഴി എത്തിച്ചുനല്‍കി.
എ.ഐ. സംവിധാനമുള്ള ഡ്രോണുകള്‍ ഗ്രാമങ്ങളിലെത്തി വെള്ളം, ഭക്ഷണം, മരുന്ന് എന്നിവ ആവശ്യമുണ്ടോയെന്ന് ഉച്ചഭാഷിണിയിലൂടെ ചോദിക്കുകയും ആളുകളോട് കൈ ഉയര്‍ത്തി മറുപടി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.
ഫോണ്‍ നമ്പറോ വിലാസമോ മണ്ണിലോ പ്ലക്കാര്‍ഡിലോ രേഖപ്പെടുത്താനും ആവശ്യപ്പെടുന്നു. അങ്ങനെ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സഹായമെത്തിക്കുന്നത്.അപ്പര്‍ ത്രിശൂലി-1 ജലവൈദ്യുത പദ്ധതിയുടെ വെള്ളവും പാറകളും നിറഞ്ഞ തുരങ്കത്തിനുള്ളിലും ഡ്രോണ്‍ പരിശോധന നടത്തി.