സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില തുടരും. ജാഗ്രത മുന്നറിയിപ്പ് ,വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്

 
Temperature


സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില തുടരും. ജാഗ്രത മുന്നറിയിപ്പ് നല്‍കുകയാണ് ദുരന്തനിവാരണ അതോറിറ്റി. പുനലൂരും കോട്ടയത്തും ഇന്നലെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. എന്നാല്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി രൂപാന്തരപ്പെടാനുള്ള സാധ്യതയുണ്ട്. നാളെ ആലപ്പുഴ, എറണാകുളം ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുണ്ട്.

കൊല്ലം ജില്ലയിലെ പുനലൂരാണ് കഴിഞ്ഞദിവസം ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 35.2 ഡിഗ്രി സെല്‍ഷ്യസ് ആണ് പുനലൂരില്‍ രേഖപ്പെടുത്തിയത്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

പകല്‍ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും നിര്‍ദേശം. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

Tags

Share this story

From Around the Web