ശബരിമലയില്‍ കനത്ത ജാഗ്രത! ഭക്തര്‍ക്കിടയില്‍ കുറ്റവാളികള്‍ കടന്നുകൂടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

 
chennithala


പത്തനംതിട്ട: വരുന്ന മണ്ഡലകാല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് മുന്നോടിയായി ശബരിമലയില്‍ സുരക്ഷയും ക്രൗഡ് മാനേജ്മെന്റും കൂടുതല്‍ കര്‍ശനമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തീര്‍ത്ഥാടകര്‍ക്കിടയില്‍ കുറ്റവാളികള്‍ കടന്നുകൂടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ പ്രത്യേക ഇന്റലിജന്‍സ് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനമൊരുക്കുമെന്നും തീര്‍ത്ഥാടക ബാഹുല്യം വലിയ വെല്ലുവിളിയാണെങ്കിലും അത് ഏറ്റെടുത്ത് പൂര്‍ണ സുരക്ഷ ഉറപ്പാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി റവാദ എ ചന്ദ്രശേഖറും വ്യക്തമാക്കി.

തീര്‍ത്ഥാടന ദിനങ്ങള്‍ അടുത്തിരിക്കെ പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ മുന്നൊരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് കണ്‍ട്രോള്‍ റൂമുകള്‍ പ്രധാന വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സജ്ജമാക്കും. തിരക്ക് ഏകോപിപ്പിക്കാന്‍ പ്രത്യേക മോണിറ്ററിംഗ് സംവിധാനവും നിലയ്ക്കലില്‍ പോലീസിന്റെയും ഇന്റഗ്രേറ്റഡ് വിഭാഗത്തിന്റെയും കണ്‍ട്രോള്‍ റൂമുകളും സജ്ജീകരിക്കുന്നുണ്ട്.


ഭക്തരുടെ സൗകര്യത്തിനായി തീര്‍ത്ഥാടന പാതകളിലും കാനനപാതയിലുമായി 22 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും സന്നിധാനത്ത് മൂന്ന് ആംബുലന്‍സുകളും ഉടന്‍ സജ്ജമാകും. ശുചിത്വം ഉറപ്പാക്കാന്‍ 'നിര്‍മ്മലം ശബരിമല' പദ്ധതിയിലൂടെ പമ്പയില്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ ക്ലീന്‍ കേരള കമ്പനി ശേഖരിച്ച് നീക്കം ചെയ്യും. പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നതിനൊപ്പം തീര്‍ത്ഥാടന പാതകളിലെ റോഡ് നിര്‍മ്മാണവും വേഗത്തില്‍ പുരോഗമിക്കുകയാണ്.

Tags

Share this story

From Around the Web