പ്രകോപനമുണ്ടാകുമ്പോള്‍ ശാന്തത പാലിക്കാനുള്ള ചില പ്രായോഗിക കാര്യങ്ങള്‍

 
happy


പ്രകോപനമുണ്ടാകുമ്പോള്‍ ശാന്തത പാലിക്കാന്‍ കഴിയാത്തതുകൊണ്ട്, ഒരുപാട് നന്മകളുണ്ടായിട്ടും പല വ്യക്തികളും ബുദ്ധിമുട്ടുകള്‍ അനുഭവിക്കാറുണ്ട്. പെട്ടെന്നുള്ള ഒരു വാക്കോ, പ്രതികരണമോ അവരുടെ നന്മയെ മുഴുവന്‍ ചിലപ്പോള്‍ ഇല്ലാതാക്കിയെന്നുവരാം. പ്രകോപനമുണ്ടാകുമ്പോള്‍ ശാന്തത പാലിക്കാനുള്ള ചില പ്രായോഗിക കാര്യങ്ങള്‍ ഏവയെന്നു പരിശോധിക്കാം.

1. പ്രതികരിക്കുന്നതിനു മുമ്പ് ഇടവേളയെടുക്കുക


കോപം വര്‍ധിക്കുന്നതായി തോന്നുന്ന നിമിഷം എങ്ങനെ ശാന്തമായി പ്രതികരിക്കാന്‍ കഴിയും? ആഴത്തിലുള്ള ശ്വാസമെടുത്ത് ക്ഷമയ്ക്കായുള്ള ഒരു ചെറിയ പ്രാര്‍ഥന നടത്താം. ഒരു ഇടവേളയെടുക്കുക. സാധിക്കുമെങ്കില്‍, തര്‍ക്കത്തില്‍ നിന്ന് താല്‍ക്കാലികമായി മാറിനിന്ന് ആ പ്രശ്‌നത്തെ വീണ്ടും പരിശോധിക്കാം.

2. പ്രതികരണങ്ങള്‍ ബുദ്ധിപൂര്‍വമായിരിക്കട്ടെ

ഒരു സംഭവത്തോട് അല്ലെങ്കില്‍ ഒരു വ്യക്തിയോട് പ്രതികരിക്കുന്നതിനു മുന്‍പ് ഒരുനിമിഷം ബുദ്ധിപൂര്‍വം ചിന്തിക്കുക. വികാരങ്ങള്‍ക്കടിമപ്പെട്ടു പ്രതികരിക്കാതെ ബുദ്ധിയുടെ തലത്തില്‍ പ്രതികരണങ്ങള്‍ നടത്തിയാല്‍ അത് വളരെയേറെ പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിവാകാന്‍ നമ്മെ സഹായിക്കും.

3. ക്ഷമ നഷ്ടപ്പെടാന്‍ സാധ്യതയുള്ള സമയങ്ങള്‍ തിരിച്ചറിയുക

നമുക്ക് ക്ഷമ നഷ്ടപ്പെടാന്‍ സാധ്യതയുള്ള സമയങ്ങള്‍ തിരിച്ചറിയുക എന്നതാണ് പ്രധാനം. രാവിലെയുള്ള തിരക്കിനിടയ്‌ക്കോ, വൈകുന്നേരത്തെ ക്ഷീണം മൂലമോ, വിശക്കുമ്പോഴോ, ഉറക്കം കുറവായിരിക്കുമ്പോഴോ ഒക്കെ നമ്മള്‍ പെട്ടെന്ന് പൊട്ടിത്തെറിച്ചേക്കാം. ഈ പാറ്റേണുകള്‍ സൂചനകളാണ്. നമ്മുടെ ദുര്‍ബലനിമിഷങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുമെങ്കില്‍, അതിനെതിരെ നമുക്ക് ജാഗ്രത പുലര്‍ത്താന്‍ സാധിക്കും. അത്തരം സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രദ്ധിക്കുക. മതിയായ വിശ്രമം, ആരോഗ്യകരമായ ലഘുഭക്ഷണം അല്ലെങ്കില്‍ ഒരു നിമിഷത്തെ നിശ്ശബ്ദത പോലുള്ള സ്വയം പരിചരണം ഇതിന് ആവശ്യമാണ്. ഇത് സംയമനത്തോടെയും സ്‌നേഹത്തോടെയും പ്രതികരിക്കുന്നതിനു നമ്മെ പ്രാപ്തരാക്കും.

4. സഹാനുഭൂതിയോടെ ചിന്തിക്കുക

സഹാനുഭൂതിയോടെ ചിന്തിക്കുന്നത് നമ്മുടെ പ്രതികരണങ്ങള്‍ കൂടുതല്‍ സ്‌നേഹത്തോടെയാക്കും. ചില വ്യക്തികളോട്, സാഹചര്യങ്ങളോട് അസ്വസ്ഥത തോന്നുമ്പോള്‍ ആ വ്യക്തിയെ അല്ലെങ്കില്‍ സാഹചര്യത്തെ സഹാനുഭൂതിയോടെ കാണാന്‍ ശ്രമിക്കുക. ആ വ്യക്തി കടന്നുപോകുന്ന സാഹചര്യങ്ങള്‍ ചിലപ്പോള്‍ അവരെ വ്യത്യസ്തമായ രീതിയില്‍ പ്രതികരിക്കുന്നതിലേക്കു നയിച്ചേക്കാം.

ഉദാഹരണത്തിന്, മാതാപിതാക്കള്‍ മക്കളുടെ വികാരങ്ങളും കാഴ്ചപ്പാടുകളും മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍, അത് എത്രമാത്രം അവരുടെ അനുകമ്പയെ ഉണര്‍ത്തുമെന്നത് അദ്ഭുതകരമാണ്. ആ അനുകമ്പ നമ്മുടെ ഹൃദയങ്ങളെ മൃദുവാക്കുന്നു, ക്ഷമ എളുപ്പമാക്കുന്നു. സഹാനുഭൂതി മോശം പെരുമാറ്റത്തിന് ഒരു ഒഴികഴിവല്ല എങ്കിലും അത് കൂടുതല്‍ ശാന്തതയോടും കരുതലോടും കൂടി പ്രതികരിക്കാന്‍ നമ്മളെ സഹായിക്കുന്നു.

കടപ്പാട്: സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ

Tags

Share this story

From Around the Web