മാതാപിതാക്കളെക്കുറിച്ച് കുട്ടികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഏഴ് കാര്യങ്ങള്‍ ഇവയാണ്
കുട്ടികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നത് എന്താണെന്ന് അറിയാമോ? അവരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നത് വളരെ ശാന്തവും എന്നാല്‍ ശക്തവുമായ മറ്റ് ചില കാര്യങ്ങളാണ്: വീട്ടിലെ വൈകാരിക അന്തരീക്ഷം, സ്‌നേഹം പ്രകടിപ്പിച്ച രീതി, പ്രശ്‌നങ്ങളെ നേരിട്ട ശൈലി, ആരും കാണാത്തപ്പോള്‍ മാതാപിതാക്കള്‍ എങ്ങനെയായിരുന്നു തുടങ്ങിയ കാര്യങ്ങളാണവ.
വലിയ സമ്മാനങ്ങളേക്കാള്‍ ചെറിയ ചെറിയ നിമിഷങ്ങളാണ് അവരില്‍ സുരക്ഷിതത്വവും ആത്മവിശ്വാസവും വളര്‍ത്തുന്നത്. സ്‌നേഹം, വിശ്വാസം, ആത്മാഭിമാനം എന്നിവയെക്കുറിച്ചുള്ള കുട്ടികളുടെ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നത് ഈ ഓര്‍മകളാണ്.
മാതാപിതാക്കളെക്കുറിച്ച് കുട്ടികള്‍ എക്കാലവും ഓര്‍ക്കുന്ന ഏഴ് കാര്യങ്ങള്‍ താഴെ പറയുന്നവയാണ്:
1. മാതാപിതാക്കള്‍ക്കൊപ്പം ആയിരിക്കുമ്പോള്‍ അവര്‍ക്ക് ലഭിച്ച വൈകാരിക അനുഭവം
കുട്ടിക്കാലം കഴിഞ്ഞാലും മാതാപിതാക്കള്‍ക്കൊപ്പം ആയിരുന്നപ്പോള്‍ എങ്ങനെ അനുഭവപ്പെട്ടു എന്നതായിരിക്കും കുട്ടികള്‍ പ്രധാനമായും ഓര്‍ക്കുക. മാതാപിതാക്കള്‍ ശാന്തരാണോ അതോ എപ്പോഴും ദേഷ്യപ്പെടുന്നവരാണോ? ഊഷ്മളമായ സ്‌നേഹം നല്‍കുന്നവരാണോ അതോ എപ്പോഴും കുറ്റപ്പെടുത്തുന്നവരാണോ? തുടങ്ങിയ കാര്യങ്ങള്‍ കുട്ടികള്‍ ഓര്‍ത്തുവെക്കും.
നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ മറന്നേക്കാം, എന്നാല്‍ വീട്ടിലെ വൈകാരിക അന്തരീക്ഷം അവര്‍ ഒരിക്കലും മറക്കില്ല. സുരക്ഷിതത്വവും അംഗീകാരവും നല്‍കുന്ന മാതാപിതാക്കള്‍ കുട്ടികളില്‍ വലിയ ആത്മവിശ്വാസം വളര്‍ത്തുന്നു. അതേസമയം, നിബന്ധനകളോടെയുള്ള സ്‌നേഹം അവരുടെ മനസ്സില്‍ വലിയ മുറിവുകള്‍ ഉണ്ടാക്കിയേക്കാം.
2. തങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ മാതാപിതാക്കള്‍ തയാറായോ എന്നത്
കുട്ടികള്‍ പറയുന്ന എല്ലാ കാര്യങ്ങളോടും മാതാപിതാക്കള്‍ യോജിക്കണമെന്നില്ല. എന്നാല്‍ തങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ഒരാളുണ്ടെന്ന് അവര്‍ക്ക് തോന്നണം. കുട്ടികള്‍ സംസാരിക്കുമ്പോള്‍ ഇടപെടാതെ കേള്‍ക്കുകയും, അവരുടെ പേടികളെയും സന്തോഷങ്ങളെയും ഗൗരവമായി കാണുകയും ചെയ്യുന്ന മാതാപിതാക്കള്‍ കുട്ടികളില്‍ 'തന്റെ ശബ്ദത്തിനും വിലയുണ്ട്' എന്ന വിശ്വാസം വളര്‍ത്തുന്നു. മറിച്ച്, 'നിനക്കൊന്നും അറിയില്ല', 'കരയാതെ നില്‍ക്കൂ' എന്നൊക്കെ പറഞ്ഞ് അവഗണിക്കുന്നത് കുട്ടികളില്‍ വലിയ നിരാശയുണ്ടാക്കും. താന്‍ കേള്‍ക്കപ്പെടുന്നുണ്ട് എന്നത് ഒരു കുട്ടിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ്.
3. ദേഷ്യത്തെ എങ്ങനെ കൈകാര്യം ചെയ്തു എന്നത്
മുതിര്‍ന്നവര്‍ ചിന്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ കുട്ടികള്‍ ശ്രദ്ധിക്കാറുണ്ട്. മാതാപിതാക്കള്‍ എങ്ങനെ തര്‍ക്കിക്കുന്നു, ദേഷ്യം വരുമ്പോള്‍ എങ്ങനെ സംസാരിക്കുന്നു, അത് അലര്‍ച്ചയിലേക്കോ നിശബ്ദതയിലേക്കോ പരിഹാസത്തിലേക്കോ മാറുകയാണോ എന്നെല്ലാം അവര്‍ വീക്ഷിക്കുന്നുണ്ട്. ദേഷ്യപ്പെട്ടതിന് ശേഷം മാതാപിതാക്കള്‍ ക്ഷമ ചോദിച്ചാല്‍, പ്രശ്‌നങ്ങള്‍ ഉണ്ടായാലും അത് ബന്ധങ്ങളെ തകര്‍ക്കില്ലെന്ന് കുട്ടികള്‍ മനസിലാക്കുന്നു. എന്നാല്‍ ദേഷ്യം എപ്പോഴും അതിരു കടക്കുന്നതാണെങ്കില്‍, അവര്‍ അഭിപ്രായവ്യത്യാസങ്ങളെ ഭയപ്പെടാന്‍ തുടങ്ങും. പ്രതിസന്ധി ഘട്ടങ്ങളില്‍ സ്‌നേഹം എങ്ങനെയായിരിക്കുമെന്ന് കുട്ടികളെ പഠിപ്പിക്കുന്നത് മാതാപിതാക്കളാണ്.
4. മാതാപിതാക്കള്‍ ചെയ്ത ത്യാഗങ്ങള്‍
കുട്ടികള്‍ വലുതാകുമ്പോള്‍, മാതാപിതാക്കള്‍ തങ്ങള്‍ക്ക് വേണ്ടി ചെയ്ത ത്യാഗങ്ങളെക്കുറിച്ച് അവര്‍ കൂടുതല്‍ മനസിലാക്കാന്‍ തുടങ്ങും. തങ്ങള്‍ക്ക് വേണ്ടി മാതാപിതാക്കള്‍ വേണ്ടെന്ന് വെച്ച കാര്യങ്ങള്‍, അധികമായി ചെയ്ത ജോലികള്‍, മാറ്റിവെച്ച സ്വപ്നങ്ങള്‍ എന്നിവയെല്ലാം അവര്‍ തിരിച്ചറിയും. ത്യാഗം എന്നത് സ്‌നേഹത്തിന്റെ ഏറ്റവും വ്യക്തമായ രൂപമായതുകൊണ്ടാണ് കുട്ടികള്‍ അത് ഓര്‍മിക്കുന്നത്. കുട്ടിക്കാലത്ത് അതത്ര കാര്യമാക്കിയില്ലെങ്കിലും, മുതിരുമ്പോള്‍ വലിയ ബഹുമാനത്തോടെയാകും അവര്‍ ആ നിമിഷങ്ങളെ തിരിഞ്ഞുനോക്കുക.
5. അഭിമാനം പ്രകടിപ്പിച്ച നിമിഷങ്ങള്‍
തങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്ക് അഭിമാനം തോന്നിയ നിമിഷങ്ങള്‍ കുട്ടികള്‍ ഒരിക്കലും മറക്കില്ല. അത് സ്‌കൂളിലെ ഒരു പരിപാടിയാകാം, കായിക മത്സരത്തിലെ വിജയമാകാം, അല്ലെങ്കില്‍ ഒരു ചെറിയ നന്മയാകാം, ചിലപ്പോള്‍ ലക്ഷ്യത്തിലെത്തിയില്ലെങ്കിലും നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നതാകാം. മാതാപിതാക്കളുടെ കണ്ണുകളിലെ തിളക്കം, അവര്‍ നല്‍കുന്ന പ്രോത്സാഹനം എന്നിവ കുട്ടികള്‍ക്ക് വലിയ ഊര്‍ജം നല്‍കും. ഫലത്തെക്കാള്‍ ഉപരിയായി തങ്ങളുടെ പരിശ്രമത്തെ അംഗീകരിക്കുന്നത് കുട്ടികളില്‍ ആജീവനാന്തം നിലനില്‍ക്കുന്ന ആത്മവിശ്വാസം വളര്‍ത്തുന്നു.
6. വീട്ടില്‍ പരസ്പരം നല്‍കിയ ബഹുമാനം
മാതാപിതാക്കള്‍ പരസ്പരം എങ്ങനെ പെരുമാറുന്നുവെന്നും, മുതിര്‍ന്നവരോടും അപരിചിതരോടും എങ്ങനെ സംസാരിക്കുന്നുവെന്നും കുട്ടികള്‍ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. ബഹുമാനം എന്നത് പറഞ്ഞുകൊടുക്കുന്നതിനേക്കാള്‍, കണ്ടുപഠിക്കേണ്ട ഒന്നാണ്. മാന്യമായി സംസാരിക്കുന്ന, ആവശ്യമുള്ളപ്പോള്‍ ക്ഷമ ചോദിക്കുന്ന ഒരു വീട് കുട്ടികളില്‍ വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ നിരന്തരം ബഹളവും പരിഹാസവും നടക്കുന്ന വീടാണെങ്കില്‍ അതും അവരെ സ്വാധീനിക്കും. മുതിരുമ്പോള്‍, കുട്ടിക്കാലത്ത് കണ്ടു ശീലിച്ച അതേ ബഹുമാനം (അല്ലെങ്കില്‍ അതിന്റെ അഭാവം) അവര്‍ സ്വന്തം ജീവിതത്തിലും പ്രകടിപ്പിച്ചേക്കാം.
7. നിബന്ധനകളില്ലാതെ സ്‌നേഹിക്കപ്പെട്ടുവോ എന്നത്
ഏറ്റവും പ്രധാനപ്പെട്ട ഓര്‍മ ഇതായിരിക്കും: സ്‌നേഹം എപ്പോഴും ഒരുപോലെ ലഭിച്ചിരുന്നോ അതോ അത് പരിശ്രമത്തിലൂടെ നേടിയെടുക്കേണ്ട ഒന്നായിരുന്നോ? നല്ല മാര്‍ക്ക് വാങ്ങിയാലോ അനുസരണയോടെ പെരുമാറിയാലോ മാത്രം ലഭിക്കുന്ന ഒന്നാണോ സ്‌നേഹം, അതോ താന്‍ എങ്ങനെയുള്ള ആളാണെങ്കിലും മാതാപിതാക്കള്‍ സ്‌നേഹിച്ചിരുന്നോ എന്ന് കുട്ടികള്‍ ഓര്‍ക്കും. നിബന്ധനകളില്ലാത്ത സ്‌നേഹം എന്നാല്‍ തെറ്റുകളെ അംഗീകരിക്കുക എന്നല്ല; മറിച്ച് മോശം ദിവസങ്ങളില്‍ പോലും താന്‍ സ്‌നേഹിക്കപ്പെടാന്‍ അര്‍ഹനാണോ എന്ന് കുട്ടിക്ക് സംശയിക്കേണ്ടി വരാത്ത അവസ്ഥയാണ്. ഈ സുരക്ഷിതത്വം അവരെ കൂടുതല്‍ ദയയുള്ളവരും ആത്മവിശ്വാസമുള്ളവരുമായ വ്യക്തികളാക്കി മാറ്റും.
ചുരുക്കത്തില്‍, കുട്ടികള്‍ മാതാപിതാക്കളെ ഓര്‍ക്കുന്നത് തെറ്റുകള്‍ പറ്റാത്ത പൂര്‍ണരായ വ്യക്തികള്‍ എന്ന നിലയിലല്ല. മറിച്ച്, അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ ബന്ധം എന്ന നിലയിലാണ്. ഓര്‍മകള്‍ക്കപ്പുറം ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ മാതാപിതാക്കള്‍ എങ്ങനെയായിരുന്നു എന്നതിന് വലിയ പങ്കുണ്ട്. കുട്ടിക്കാലത്ത് മാതാപിതാക്കള്‍ നല്‍കിയ സ്‌നേഹവും കരുതലും വഴികാട്ടലുകളുമാകും പിന്നീടുള്ള ജീവിതത്തില്‍ അവരുടെ മനസ്സിലെ മാര്‍ഗദര്‍ശിയായ ശബ്ദമായി മാറുക.