ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹെമറ്റോളജി കാന്‍സര്‍ കണ്‍സോര്‍ഷ്യം വാര്‍ഷിക സമ്മേളനം നടന്നു
തിരുവല്ല: രക്താര്‍ബുദ ചികിത്സാരംഗത്ത് നിര്‍ണായക ചുവടുവെപ്പുകളുമായി, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ റീജിയണല്‍ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ട്രാന്‍സ്പ്ലാന്റേഷന്‍, ഹെമറ്റോ-ലിംഫോയിഡ് ഓങ്കോളജി ആന്‍ഡ് മാരോ ഡിസീസസ് (RACTHAM) ഹെമറ്റോളജി കാന്‍സര്‍ കണ്‍സോര്‍ഷ്യത്തിന്റെ (HCC) ആറാമത് വാര്‍ഷിക സമ്മേളനത്തിന് ആതിഥ്യം വഹിച്ചു.
ബിലീവേഴ്‌സ് ആശുപത്രിയില്‍ നടന്ന പ്രസ്തുത ദ്വിദിന ദേശീയസംഗമത്തില്‍ ജിപ്‌മെര്‍, പി ജി ഐ ചണ്ഡീഗഢ്, ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അഡയാര്‍, ടാറ്റാ മെഡിക്കല്‍ സെന്റര്‍ കൊല്‍ക്കത്ത, സി എം സി ലുധിയാന എന്നിവടങ്ങളില്‍ നിന്നുള്ള പ്രമുഖ ഹെമറ്റോളജിസ്റ്റുകള്‍, ഹെമറ്റോ-ഓങ്കോളജിസ്റ്റുകള്‍, ട്രാന്‍സ്പ്ലാന്റ് വിദഗ്ധര്‍, നഴ്‌സിംഗ് വിദഗ്ധര്‍, ഡാറ്റാ മാനേജര്‍മാര്‍, ഗവേഷകര്‍ എന്നിവര്‍ പങ്കെടുത്തു.
ക്ലിനിക്കല്‍ വിവരങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും കൂട്ടായ ശാസ്ത്ര ഗവേഷണങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമാണ് സമ്മേളനം ഊന്നല്‍ നല്‍കിയത്. സമ്മേളനത്തിന്റെ ഉദ്ഘാടനം ബിലീവേഴ്‌സ് ആശുപത്രി ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ. ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര നിര്‍വഹിച്ചു.
ഹെമറ്റോളജി വിഭാഗം മേധാവി ഡോ ചെപ്‌സി സി ഫിലിപ്പ്, മുംബൈ ടാറ്റ മെമ്മോറിയല്‍ ആശുപത്രി മെഡിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. മഞ്ജു സെംഗാര്‍, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് മുന്‍ ഡയറക്ടറും ഹെമറ്റോളജി വിഭാഗം പ്രൊഫസറുമായ ഡോ. വിക്രം മാത്യൂസ്, ഹെമറ്റോളജി ക്യാന്‍സര്‍ കണ്‍സോര്‍ഷ്യം സി.ഇ.ഒ. ഭവിഷ സനാധ്യ, പേഷ്യന്റ് അഡ്വക്കേറ്റ് അമിത് ഷെനോയ്, റവ ഫാ തോമസ് വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
രക്താര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയിലെ പ്രമുഖ ആശുപത്രികളെ ഒന്നിച്ച് അണിചേര്‍ക്കുന്ന പ്രസ്ഥാനമാണ് ഹെമറ്റോളജി കാന്‍സര്‍ കണ്‍സോര്‍ഷ്യം.
വിവിധ രോഗാവസ്ഥകളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ക്രോഡീകരിച്ച്, ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ഏറ്റവും മികച്ച ചികിത്സാരീതികള്‍ വികസിപ്പിച്ചെടുക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.
സമ്മേളനത്തില്‍ നിലവിലെ രജിസ്ട്രി വിവരങ്ങള്‍ വിശദമായി വിലയിരുത്തുകയും പുതിയ തരം ഗവേഷണ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു.
സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ രോഗീപരിചരണത്തിലും വിവരശേഖരണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന സാങ്കേതിക പങ്കാളികള്‍ ഒത്തുകൂടി. ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ നഴ്‌സിംഗ്, അണുബാധ തടയല്‍, രോഗികളുടെ മാനസികാരോഗ്യം, ബഹുമുഖ പരിചരണം, വിപുലമായ സാങ്കേതിക പരിശീലനം തുടങ്ങി ആറ് സുപ്രധാന വിഷയങ്ങളില്‍ നഴ്‌സുമാര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു.
കൂടാതെ കണ്‍സോര്‍ഷ്യത്തിന്റെ രോഗരജിസ്ട്രികളിലേക്ക് കൃത്യതയോടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്കായി പ്രത്യേക പരിശീലനവും നല്‍കി. രണ്ടാം ദിനം വൈദ്യശാസ്ത്ര ഗവേഷണ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു.
ആരോഗ്യമേഖലയില്‍ നിര്‍മ്മിതബുദ്ധി തുറന്നുനല്‍കുന്ന അവസരങ്ങളും വെല്ലുവിളികളും, എഐ അധിഷ്ഠിത ഗവേഷണങ്ങളെ എഥിക്കല്‍ കമ്മിറ്റികള്‍ വിലയിരുത്തേണ്ട രീതികള്‍, ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡുകളില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ എഐയുടെ പങ്ക് എന്നിവയെക്കുറിച്ച് ഡോ. ജോയ് മാമ്മന്‍, ഡോ. ജേക്കബ് ജോണ്‍, റിയ ഖുറാന എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.