വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി എല്ലാ സ്കൂളുകളിലും’ ഹെൽപ്പ് ബോക്സ്’; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

 
SIVANKUTTY

തിരുവനന്തപുരം: വീടുകളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ദുരനുഭവങ്ങൾ നേരിടുന്ന വിദ്യാർത്ഥികളെ തിരിച്ചറിയാനയും സംരക്ഷിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമ്മപദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതിനായി എല്ലാ സ്കൂളുകളിലും ‘ഹെൽപ്പ് ബോക്സ്’ സ്ഥാപിക്കും.

ഹെൽപ്പ് ബോക്സ് കൈകാര്യം ചെയ്യുന്നത് ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസ് ആയിരിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ പ്രശ്നങ്ങൾ അറിയിക്കാൻ ഇതിലൂടെ അവസരം ലഭിക്കും. ഹെൽപ്പ് ബോക്സ് ആഴ്ചയിൽ ഒരിക്കൽ തുറന്ന് അവയിൽ വരുന്ന പരാതികൾ പരിഗണിക്കുമെന്നും മന്ത്രി ഫേസ്ബുക്‌ പോസ്റ്റിലൂടെ അറിയിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

വീട്ടിൽ ബന്ധുക്കളിൽ നിന്ന് ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകുന്നു. ഇതിന്റെ ഭാഗമായി, സ്കൂളുകളുടെയും വിദ്യാർത്ഥി സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഒരു കണക്കെടുപ്പ് നടത്തും.

കുട്ടികൾക്ക് സുരക്ഷിതമായി പരാതികൾ അറിയിക്കാൻ എല്ലാ സ്കൂളുകളിലും ‘ഹെൽപ് ബോക്സ്’ സ്ഥാപിക്കും. ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസ് ആയിരിക്കും ഇതിന്റെ ചുമതല വഹിക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ബോക്സ് തുറന്ന് റിപ്പോർട്ടുകൾ വിലയിരുത്തി വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറണം.

ഈ പദ്ധതിയുടെ വിശദാംശങ്ങൾ ഉടൻതന്നെ പുറത്തിറക്കും. കഴിഞ്ഞ ദിവസം പിതാവിൽ നിന്നും രണ്ടാനമ്മയിൽ നിന്നും ദുരനുഭവം നേരിട്ട നാലാം ക്ലാസ്സുകാരിയെ ആലപ്പുഴ ചാരുംമൂടിലെത്തി നേരിൽക്കണ്ട് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

Tags

Share this story

From Around the Web