വിവാഹ ദിനത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്നു; വരനും പൈലറ്റും മരിച്ചു, വധുവിന് പരിക്ക്

 
2222

കൊച്ചി: അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ വിവാഹദിനത്തിലുണ്ടായ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മലയാളിയായ നവവരനടക്കം രണ്ടുപേര്‍ മരിച്ചു. വധുവിന് പരിക്കേറ്റു. അമേരിക്കയില്‍ സ്ഥിരതാമസക്കാരായ മൂവാറ്റുപുഴ വീട്ടൂര്‍ കടുവാക്കുഴിയില്‍ കെ ടി ജോര്‍ജിന്റെ മകന്‍ ഫിജി ജോര്‍ജിന്റെയും ഫേബയുടെയും മകന്‍ ഡേവ് ഫിജി (26) ആണ് മരിച്ചത്.

പരിക്കേറ്റ വധു തിരുവല്ല ഭരണിക്കാവ് തലവടി ചുടുകാട്ടില്‍ സാമിന്റെയും ഷീലയുടെയും മകള്‍ ജെസ്‌നി (25) ചികിത്സയിലാണ്. കോപ്റ്റര്‍ പൈലറ്റാണ് ദുരന്തത്തില്‍ മരിച്ച മറ്റൊരാള്‍. മരിച്ച ഡേവ് ഫിജി ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റാണ്.

ജോര്‍ജിയ ഡോസണ്‍ കൗണ്ടിയില്‍ അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. വിവാഹ സല്‍ക്കാരം കഴിഞ്ഞ് വധൂവരന്‍മാര്‍ റോബിന്‍സണ്‍ ആര്‍ 66 ഹെലികോപ്ടറില്‍ ഹോട്ടലിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഹെലികോപ്ടര്‍ ഡോസണ്‍വില്ലയിലെ 24 മൗണ്ട് വെര്‍നണ്‍ ഡ്രൈവിന് സമീപാണ് തകര്‍ന്നുവീണത്. വിജനമായ സ്ഥലമാണിത്. അപകടത്തേത്തുടര്‍ന്ന് ബോധരഹിതയായിപ്പോയ ജെസ്‌നി അഞ്ചുമണിക്കൂറോളം കഴിഞ്ഞ് ഉണര്‍ന്നപ്പോള്‍ വിവരം ഹെല്‍പ്പ്‌ലൈനില്‍ വിളിച്ചറിയിക്കുകയായിരുന്നു.

രക്ഷാപ്രവര്‍ത്തകരെത്തി ജെസ്നിയെ ആശുപത്രിയിലെത്തിച്ചു. ഹെലികോപ്റ്റര്‍ പുറപ്പെട്ടശേഷം കാലാവസ്ഥ മോശമായതും മരച്ചില്ലയില്‍ തട്ടിയതുമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍.ടി.എസ്.ബി.) അന്വേഷണം തുടങ്ങി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിങ്കളാഴ്ച വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും വ്യാഴാഴ്ച അറ്റ്‌ലാന്റയില്‍ നടക്കും.

Tags

Share this story

From Around the Web