കനത്ത് പെയ്ത് കാലവർഷം; ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

 
rain

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ട്. തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള 7 ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട് ആണ് നിലനിൽക്കുന്നത്. മറ്റ് 7 ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വരുന്ന രണ്ടുദിവസം കൂടി സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റിന്റെ വേഗത കൂടി നിൽക്കുമെന്നും ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തീരദേശ മേഖലയ്ക്കും മലയോരമേഖലയ്ക്കും പ്രത്യേക ജാഗ്രത നിർദ്ദേശമുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.


അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.

Tags

Share this story

From Around the Web