കനത്ത മഴയില്‍ തകര്‍ന്ന് ഹിമാചല്‍ പ്രദേശ്. മരണം 12 ആയി, 49 റോഡുകള്‍ അടച്ചു; 15 കോടിയുടെ നാശനഷ്ടം

 
HIMACHAL

ഹിമാചല്‍ പ്രദേശ്: ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷം കനത്ത നാശം വിതയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം സംസ്ഥാനത്ത് മഴക്കെടുതികളില്‍ മൂന്ന് പേര്‍ കൂടി മരണപ്പെട്ടു. 


ഇതോടെ ഈ മണ്‍സൂണ്‍ സീസണില്‍ മാത്രം സംസ്ഥാനത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. പ്രകൃതിക്ഷോഭത്തില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ട് സംസ്ഥാനത്തെ ഗതാഗത-വൈദ്യുതി-കുടിവെള്ള ശൃംഖലകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. സംസ്ഥാനത്തുടനീളം 49 പ്രധാന പാതകളിലെ ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. 

ഇതില്‍ വിനോദസഞ്ചാര കേന്ദ്രമായ കുളു ജില്ലയില്‍ മാത്രം 30 റോഡുകളാണ് അടച്ചിട്ടിരിക്കുന്നത്. കനത്ത കാറ്റിലും മഴയിലും മൂന്ന് ഭീമന്‍ വൈദ്യുതി ട്രാന്‍സ്ഫോര്‍മറുകള്‍ തകരുകയും 23 പ്രധാന കുടിവെള്ള വിതരണ പദ്ധതികളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലയ്ക്കുകയും ചെയ്തു. 


ഈ വര്‍ഷത്തെ മണ്‍സൂണ്‍ ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സംസ്ഥാനത്തിന് 15 കോടിയിലധികം രൂപയുടെ ഭൗതിക നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് പ്രാഥമിക കണക്കുകള്‍.

Tags

Share this story

From Around the Web