സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

 
rain

കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് ഒദ്യോഗിക മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ എട്ട് മധ്യ-തെക്കൻ-വടക്കൻ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും കനത്ത മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

മോശം കാലാവസ്ഥയും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണമായും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട് തീരങ്ങളിലും ബംഗാൾ ഉൾക്കടൽ പ്രദേശങ്ങളിലും പോകുന്ന മത്സ്യത്തൊഴിലാളികളും വരുംദിവസങ്ങളിൽ കടലിൽ പോകരുതെന്ന് അധികൃതർ കർശന നിർദേശം നൽകി. ഇടിമിന്നൽ വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ കാർമേഘം കാണുമ്പോൾത്തന്നെ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

മിന്നലുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കാതെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും ജനലുകളും വാതിലുകളും അടച്ചിടണമെന്നും ദുരന്തനിവാരണ വിഭാഗം അറിയിച്ചു. വീട്ടിലെ വൈദ്യുതോപകരണങ്ങളുടെ ബന്ധം വേർപെടുത്താനും മരങ്ങളുടെ ചുവട്ടിൽ നിൽക്കുന്നത് ഒഴിവാക്കാനും ജാഗ്രതാനിർദേശത്തിൽ പറയുന്നുണ്ട്. വരുംദിവസങ്ങളിലും മഴ ശക്തമായി തുടരാൻ സാധ്യതയുള്ളതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.

Tags

Share this story

From Around the Web