സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

 
rain

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ഇന്ന് (ഒക്ടോബർ 22) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. നാളെ (ഒക്ടോബർ 23) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ (ഒക്ടോബർ 24) മുതൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതിശക്തമായ മഴയ്ക്കൊപ്പം സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിനും കടുത്ത കടലാക്രമണത്തിനും സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ നാളെ രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്തും നാളെ (ഒക്ടോബർ 22)രാത്രി വരെ ഉയർന്ന തിരമാലകൾ വീശിയടിച്ചേക്കാം.

കടൽക്ഷോഭം ശക്തമാകാൻ സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് ഒക്ടോബർ 25 വരെയും കർണാടക തീരത്ത് ഒക്ടോബർ 23 മുതൽ 25 വരെയും മത്സ്യബന്ധനത്തിന് പോകുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും കനത്ത ജാഗ്രത പാലിക്കണമെന്നും, കടൽക്ഷോഭം രൂക്ഷമാകുന്ന അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

Tags

Share this story

From Around the Web