ഒഡീഷയിൽ കനത്ത മഴയെ തുടർന്ന് വടക്കൻ-തീരദേശ മേഖലകളിൽ പ്രളയം രൂക്ഷം: മരണം അഞ്ചായി ഉയർന്നു, ഭദ്രക് ജില്ലയെ ഗുരുതരമായി ബാധിച്ചു; ലക്ഷക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി
ഭുവനേശ്വര്‍: കനത്ത മഴയെ തുടര്‍ന്ന് വടക്കന്‍, തീരദേശ ഒഡീഷയില്‍ പ്രളയസാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. ഒഡീഷയിലെ ജാജ്പൂരില്‍ വ്യാഴാഴ്ച ഒരാള്‍ കൂടി മരണപ്പെട്ടതോടെ പ്രളയവുമായി ബന്ധപ്പെട്ട മരണസംഖ്യ 5 ആയി ഉയര്‍ന്നു.
സംസ്ഥാനത്തുടനീളം രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ചത്തീസ്ഗഢിന് മുകളിലുള്ള തീവ്രന്യൂനമര്‍ദ്ദം പടിഞ്ഞാറോട്ട് നീങ്ങുന്നതിനാല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യതയുണ്ടെങ്കിലും തെക്കുപടിഞ്ഞാറന്‍ ഒഡീഷയിലെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
മഴയെ തുടര്‍ന്ന് പ്രമുഖ നദികളിലെല്ലാം ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്. ചില നദികള്‍ അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്. കട്ടക്കിലെ നരാജ്, മുണ്ഡുലി എന്നിവിടങ്ങളില്‍ മഹാനദിയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
വൈതരണി, ജലാക നദികളും അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്. ഹിരാക്കുഡ് ഡാമിലെ ജലനിരപ്പ് 619.54 അടിയില്‍ എത്തിയതിനെ തുടര്‍ന്ന് രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്.
പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത് ഭദ്രക് ജില്ലയെയാണ്. ഇവിടെ 4.1 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് 99,246 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
ഭദ്രകില്‍ 228 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ബാലസോറില്‍ 1.46 ലക്ഷത്തിലധികം ആളുകളെയും ജാജ്പൂരില്‍ 25,000-ത്തിലധികം ആളുകളെയും പ്രളയം ബാധിച്ചു. ജില്ലകളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെയാണ് ഇതിനകം ഒഴിപ്പിച്ചത്.
ബാലസോര്‍, ഭദ്രക്, ജാജ്പൂര്‍ എന്നിവിടങ്ങളിലെ പ്രളയസാഹചര്യം നേരിടാന്‍ ഭരണകൂടം മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫ്, ഒ.ഡി.ആര്‍.എഫ്, ഫയര്‍ സര്‍വീസ് എന്നിവയുടെ 123 രക്ഷാപ്രവര്‍ത്തന സംഘങ്ങളെ രംഗത്തിറക്കിയിട്ടുണ്ട്. റവന്യൂ-ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.