ന്യൂനമര്‍ദ്ദം തീവ്രമായി, കേരളത്തില്‍ ഇന്ന് അതിശക്തമഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

 
Rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ഒഡീഷ-പശ്ചിമ ബംഗാള്‍ തീരപ്രദേശങ്ങള്‍ക്കും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ച് 'തീവ്രന്യൂനമര്‍ദ്ദമായി' മാറിയെന്ന് കാലാവസ്ഥ വകുപ്പ്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്, വടക്കന്‍ ഒഡീഷ തീരത്ത് ചാന്ദ്ബാലിക്കും ദിഘയ്ക്കും ഇടയിലായി ബാലസോറിന് സമീപത്തുകൂടി കരയില്‍ പ്രവേശിക്കാന്‍ സാധ്യത. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലുള്ള സഞ്ചാരം തുടര്‍ന്ന് വടക്കന്‍ ഒഡീഷ, വടക്കന്‍ ഛത്തീസ്ഗഢ്‌നു മുകളിലൂടെ നീങ്ങാന്‍ സാധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ജൂലൈ 09 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പാണ്. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കന്‍- മധ്യ കേരളത്തില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags

Share this story

From Around the Web