ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും മഴക്കെടുതി രൂക്ഷം. ഉത്തരാഖണ്ഡിലും ഡെറാഡൂണിലുമായി മരിച്ചത് 28 പേര്‍

ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും മഴക്കെടുതി രൂക്ഷം. ഉത്തരാഖണ്ഡില്‍ 15 മരണവും, ഡെറാഡൂണില്‍ 13 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഹിമാചല്‍ പ്രദേശില്‍ ജൂണ്‍ 20 മുതല്‍ മഴക്കെടുതി മൂലം റിപ്പോര്‍ട്ട് ചെയ്തത് 417 മരണമാണ്. ഇരു സംസ്ഥാനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്.
അതി രൂക്ഷമായ മഴക്കെടുതിയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടരുന്നത്. ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനവും മണ്ണിടിച്ചിലുമാണ് വലിയ നാശം വിതച്ചത്.
8 ഉത്തര്‍പ്രദേശ് സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഉത്തരാഖണ്ഡില്‍ ജീവന്‍ നഷ്ടമായത്. നിരവധി ആളുകള്‍ ഇപ്പോഴും വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു.
ഡെറാഡൂണില്‍ 13 മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം മാത്രം കണ്ടെത്തിയത്. കേന്ദ്ര-സംസ്ഥാന സേനകള്‍ സംയുക്തമായാണ് തിരച്ചിലുകള്‍ നടത്തുന്നത്. മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലാണ് ദുരിതത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. പാലത്തിലൂടെ സഞ്ചരിച്ച വിനോദസഞ്ചാരികളാണ് കൂടുതലും അപകടത്തില്‍പ്പെട്ടത്.
മരിച്ച ഉത്തര്‍പ്രദേശ് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 2 ലക്ഷം രൂപ വീതം കുടുംബത്തിന് നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
ഹിമാചല്‍ പ്രദേശില്‍ ജൂണ്‍ 20 മുതല്‍ മഴക്കെടുതി മൂലം റിപ്പോര്‍ട്ട് ചെയ്തത് 417 മരണങ്ങള്‍ ആണ്.
45 പേരെ കാണാതായി 477 പേര്‍ക്ക് പരുക്കേറ്റുവെന്നാണ് സര്‍ക്കാറിന്റെ കണക്ക്. കഴിഞ്ഞ 16 ദിവസത്തിനിടെ ഹിമാചലില്‍ 45% അധികം മഴ ലഭിച്ചു എന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.
മഴ തുടരാനുള്ള സാഹചര്യം ഉള്ളതിനാല്‍ 5 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. .