സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് 10 ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മഴയോടൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയില്‍ തിരുവനന്തപുരം വിതുരയില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. ഇവിടെ നിരവധി വീടുകളില്‍ വെള്ളം കയറി. മേഖലയിലെ രണ്ട് പാലങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി.
പേപ്പാറ പൊടിയക്കാല ആദിവാസി ഊരിയിലേക്കുള്ള പ്രധാന പാത വെള്ളപ്പൊക്കത്തില്‍ മുങ്ങിയതോടെ പൊടിയക്കാല ഊര് പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.